ന്യൂയോർക്ക്: ചായക്കോപ്പയിൽ ഐസിസ് എന്നെഴുതി നൽകിയ തൊഴിലാളിക്കെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം വനിത. ഐസിസ് എന്നെഴുതിയ സ്റ്റാർബക്സ് തൊഴിലാളിക്കെതിരെയാണ് നിയമനടപടി സ്വീകരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടത്. അമേരിക്കയിലെ മിന്നസോട്ടയിലാണ് സംഭവം.
19 കാരിയായ ഐഷ എന്ന യുവതിയാണ് കോഫീഹൗസ് കമ്പനിയായ സ്റ്റാർബക്സിനെതിരെ കോടതി കയറാനൊരുങ്ങുന്നത്. ചായക്കോപ്പയിൽ തൻ്റെ പേരിനു പകരം ഐസിസ് എന്നെഴുതി നൽകിയെന്നാണ് ഐഷയുടെ ആരോപണം. മിന്നസോട്ടയിലെ സെൻ്റ് പോളിലുള്ള സ്റ്റാർബക്കസ് ഔട്ട്ലറ്റിൽ കോൾഡ് കോഫി വാങ്ങാൻ ചെന്നതാണ് ഐഷ.
സ്റ്റാർബക്സ് കോഫി വാങ്ങിയാൽ ആ കോപ്പയിൽ വാങ്ങിയ ആളുടെ പേര് എഴുതി നൽകുന്ന പതിവുണ്ട്. ഇതനുസരിച്ച് പല തവണ താൻ തൻ്റെ പേര് പറഞ്ഞുവെന്ന് ഐഷ പറയുന്നു. താൻ ആസമയത്ത് ഹിജാബ് അണിഞ്ഞിരുന്നു എന്നും അതുകൊണ്ടാവാം ഔട്ട്ലറ്റ് ജീവനക്കാരി ഐസിസ് എന്ന് എഴുതിയതെന്നും അവർ പറയുന്നു.
“അത് കണ്ടപാടെ ഒട്ടേറെ വികാരങ്ങൾ എന്നിൽ തികട്ടി വന്നു. എനിക്ക് വല്ലാത്ത നാണക്കേട് തോന്നി. ഞാൻ കൊച്ചാകുന്നത് പോലെയും എനിക്ക് തോന്നി. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ യശസ്സ് ഉലച്ചു കളയുന്ന ഒരു പദമാണത്. ഇക്കാലത്തും ഇങ്ങനെ സംഭവിക്കുന്നത് അംഗീകരിക്കാൻ കഴിയാത്തതാണ്. എന്നോട് അവർ പേര് ചോദിച്ചപ്പോൾ ഞാൻ പലതവണ ആവർത്തിച്ചു. ഐസിസ് എന്ന് അവർ കേൾക്കാനുള്ള യാതൊരു സാധ്യതയും ഇല്ല. ഐഷ ഒരു അസാധാരണ പേരുമല്ല”- യുവതി പറയുന്നു.
അതേ സമയം, ഐഷ പേര് പറഞ്ഞത് താൻ കേട്ടില്ലെന്നാണ് സ്റ്റാർബക്സ് ജീവനക്കാരിയുടെ പ്രതികരണം. സംഭവത്തിൽ പങ്കായ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടതായി സ്റ്റാർബക്സ് അറിയിച്ചു. വിഷയത്തിൽ അവർ ഐഷയോട് മാപ്പപേക്ഷയും നടത്തി.
Post Your Comments