തിരുവനന്തപുരം • നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പ്പാതയുടെ നിര്‍മ്മാണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ആളുകളെ കുഴിച്ചുമൂടാന്‍ ശ്മശാനവും കൂടി ഒരുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. അശാസ്ത്രീയമായ നിര്‍ദ്ദിഷ്ട അതിവേഗപ്പാത കേരരളത്തിന് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. 66000 കോടി രൂപ ചിലവാക്കി അതിവേഗ റെയില്‍പ്പാത തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് വരെ നിര്‍മ്മിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ പാത യാഥാര്‍ത്ഥ്യമാകില്ലെന്നറിയാമെന്നിരിക്കെ ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഢ ലക്ഷ്യം വന്‍ തുക പലതരത്തിലുള്ള ചില പ്രാഥമിക ചെലവുകള്‍ക്കായി നീക്കിവെച്ച് കൊള്ളയടിക്കുക എന്നതാണ്.
കേരളത്തിലെ നാഷണല്‍ ഹൈവേകള്‍ നാലുവരി പാതയും ആറുവരിപ്പാതയുമാക്കുവാന്‍ സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അതിവേഗ റെയില്‍പ്പാതയുടെ നിര്‍മ്മാണത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിന്‍റെ പിന്നില്‍ വന്‍ അഴിമതിയും തീവെട്ടിക്കൊള്ളയുമാണ്. റെയില്‍പാതകള്‍ ഇരട്ടിപ്പിക്കാനും, അങ്കമാലി-ശബരിമല റെയില്‍വേ ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് അതിവേഗ റെയില്‍ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്ന് വ്യക്തമാക്കണം.
5 സെന്‍റിലും 10 സെന്‍റിലും വീടുവെച്ച് കുടുംബമായി താമസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിച്ച് അതിവേഗ റെയില്‍പ്പാത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. 66000 കോടിയുടെ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഈ സര്‍ക്കാരിന്‍റെ മരണമണി മുഴങ്ങാന്‍ അധിക സമയം വേണ്ടി വരില്ല. ജനങ്ങള്‍ക്ക് വേണ്ടാത്ത ഈ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പമ്പര വിഡ്ഡിത്തമാണ്.
നിലവിലുള്ള നാഷണല്‍ ഹൈവേകളും സ്റ്റേറ്റ് ഹൈവേകളും വികസിപ്പിച്ചും, റെയില്‍വേ പാതകളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയും കേരളത്തിലെ ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പകരം സില്‍വര്‍ അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നവരുടെ ശവശരീരത്തില്‍ റീത്ത് വച്ച് മാത്രമേ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ.
സില്‍വര്‍ അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം. പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ വികാരം മാനിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടികള്‍ കട്ടുമുടിക്കാന്‍ കണ്ടെത്തിയിരിക്കുന്ന അതിവേഗ പാതയ്ക്ക് പകരം സ്ഥലവാസികളുടെ ശവശീരങ്ങള്‍ മറവുചെയ്യേണ്ട ഗതികേടായിരിക്കും ഉണ്ടാകുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കി.
Post Your Comments