
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി. പെഗാസസ്, എയര്‍ ഇന്ത്യ വില്‍പ്പന, ചൈനീസ് അധിനിവേശം, കര്‍ഷകരോടുള്ള സമീപനം, എന്നീ വിഷയങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ബജറ്റ് സമ്മേളനത്തില്‍ ഉയര്‍ത്തുക. അതേസമയം പെഗാസസ് വിഷയത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തൊക്കെയോ ഒളിച്ച് വെക്കുന്നുണ്ട്. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയങ്ങളാണ് പുറത്തുവന്നതെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല. ഇതെല്ലാം പാര്‍ലമെന്റില്‍ ഉന്നയിക്കും. കേന്ദ്ര സര്‍ക്കാര്‍ താങ്ങുവിലയില്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ല. ലഖിംപൂര്‍ കേസിലെ അജയ് മിശ്രയെ ഇതുവരെ പുറത്താക്കിയിട്ടില്ല.
ചൈനയുടെ കടന്നുകയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒട്ടും ആര്‍ജവം കാണിക്കുന്നില്ല. തണുപ്പന്‍ നയമാണ് സ്വീകരിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയത് അടക്കം എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ഉയര്‍ത്തും. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിലും മോദി സര്‍ക്കാര്‍ വന്‍ പരാജയമാണ്. കൊവിഡ് മൂന്നാം തരംഗവും സര്‍ക്കാരിന് നിയന്ത്രിക്കാനായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
Post Your Comments