ദുബായ് : സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കി. പദ്ധതിക്കു കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിനു ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായില്‍ പ്രവാസി മലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സില്‍വര്‍ലൈന്‍ വേഗപാതയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനു ശേഷം ആദ്യമാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
‘കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിനു ചേര്‍ന്നതല്ല. ഇക്കാര്യം ഇ.ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിലര്‍ കാര്യമറിയാതെയും മറ്റുചിലര്‍ മറ്റുചില ഉദ്ദേശത്തോടെയുമാണ് പദ്ധതിയെ എതിര്‍ക്കുന്നത്. നിര്‍ബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്‌നമല്ല. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ആവശ്യമാണ്’, മുഖ്യമന്ത്രി പറഞ്ഞു.
‘ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോള്‍ വിഷമമുണ്ടാകുമെന്നത് വസ്തുതയാണ്. ആ പ്രയാസം സര്‍ക്കാര്‍ അംഗീകരിക്കുന്നു. അതിനുള്ള നഷ്ടപരിഹാരം ഉറപ്പുവരുത്തും’, മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments