ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ നിയമത്തിൽ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. സൈന്യത്തിന്റെ ‘റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റി’ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഗാല്‍വന്‍ താഴ് വരയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. ഇതോടെ അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ സൈന്യത്തിന് ആയുധമെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ലഭിച്ചിരിക്കുന്നത്.
റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റില്‍ മാറ്റം വരുത്തിയതോടെ നീചമായ ചൈനീസ് ആക്രമണത്തിന് മുന്നില്‍ ശക്തമായി പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ചൈനീസ് അതിര്‍ത്തിയില്‍ ജവാന്‍മാര്‍ പിന്തുടര്‍ന്നു പോന്നിരുന്ന പ്രധാന നിയന്ത്രണങ്ങളില്‍ ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ അടിയന്തിര സാഹചര്യത്തില്‍ ജവാന്‍മാര്‍ക്ക് ആയുധമുപയോഗിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് ലഭിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.
മെയ് 5നും 6നും പാന്‍ഗോങ് സോയില്‍ ഇരുരാജ്യങ്ങളുടെ സേനകളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസം 15ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയിലും ചൈന സംഘര്‍ഷമുണ്ടാക്കിയത്. വലിയ സംഘങ്ങളായി എത്തിയ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികരെ ആക്രമിക്കാനായി ഇരുമ്പ് ദണ്ഡുകളും ആണിതറച്ച കമ്പി വടികളുമാണ് ഉപയോഗിച്ചത്. അംഗസംഖ്യയില്‍ കുറവായിരുന്നിട്ടും ശക്തമായി പോരാടിയ ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
Post Your Comments