കൊച്ചി: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ 55 വയസുകാരനായ തൃശൂര്‍ ദേശമംഗലം സ്വദേശി എന്‍.കെ. സുരേഷും മറ്റൊരാള്‍ ചേര്‍ത്തല ആര്‍ത്തുങ്കല്‍ സ്വദേശി കിരണ്‍(23) ആണ്. ഇയാളാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. പ്രതികള്‍ക്കെതിരെ പോക്‌സോ, ഐടി ആക്ടുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം സമൂഹത്തില്‍ മാന്യന്‍മാരായ ചിലര്‍ കുടുങ്ങുമെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പില്‍ വിഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇന്നലെ രണ്ടു പേര്‍ പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തും മോശമല്ലാത്ത കുടുംബ ജീവിതം നയിക്കുന്നവരും മാന്യന്‍മാരുമാണ് ഗ്രൂപ്പിലെ അംഗങ്ങളില്‍ ഏറെയുമെന്ന് പൊലീസ് പറഞ്ഞു. വിദേശത്തു നിന്നുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ദുരുപയോഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് നിയമവിരുദ്ധമല്ലെങ്കിലും കുട്ടികളുടെ നഗ്‌നചിത്രങ്ങളോ ലൈംഗിക ദൃശ്യങ്ങളോ കാണുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്.
അറസ്റ്റിലായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് കിരണ്‍ ‘ഫ്രണ്ട്‌സ്’ എന്ന പേരില്‍ വാടസ്ആപ് ഗ്രൂപ് തുടങ്ങിയത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയിലുള്ള ആളാണ് സുരേഷെന്നും ഇത്തരം വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്‌സാപ് ഗ്രൂപ്പുകളുടെ അംഗവും അഡ്മിനുമാണ് സുരേഷ് എന്നുമാണ് പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി വിഡിയോകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രണ്ട്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പിലെ സജീവ അംഗങ്ങളുടെ വിവരങ്ങള്‍ ഇതിനകം തന്നെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമാനമായ ഗ്രൂപ്പുകള്‍ നിരീക്ഷിക്കുന്നതിന് പൊലീസ് സൈബര്‍ ഡോമിന്റെ സഹായം തേടിയിട്ടുണ്ട്.
ഒന്നര വര്‍ഷം മുമ്പ് കിരണ്‍ ആരംഭിച്ച വാട്‌സാപ് ഗ്രൂപ്പില്‍ അധികവും പരസ്പരം കണ്ടിട്ടുള്ളവരൊ അറിയുന്നവരോ അല്ല, എന്നാലും സമാന താല്‍പര്യമുള്ളവരാണ്. സ്വവര്‍ഗ താല്‍പര്യമുള്ള ആളുകള്‍ക്കും ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ക്കും ഡേറ്റിങ്ങിനും മറ്റും ഒത്തുചേരുന്നതിനും ഇണകളെ കണ്ടെത്തുന്നതിനും രാജ്യാന്തര തലത്തില്‍ തന്നെ പ്രശസ്തമായ ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സൈറ്റായ പ്ലാനറ്റ് റോമിയോ എന്ന വെബ്‌സൈറ്റില്‍ നിന്നാണ് ഇത്തരത്തിലുള്ള അംഗങ്ങളെ കണ്ടെത്തി ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ വഴിയും ഡാര്‍ക് വെബ് വഴിയും കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് യുനിസെഫ് പറയുന്നത്. ഇത്തരത്തില്‍ ഏതെങ്കിലും വെബ്‌സൈറ്റില്‍ നിന്നാകണം ഇയാള്‍ക്ക് വിഡിയോ ലഭിച്ചത് എന്നാണ് പൊലീസ് വിലയിരുത്തല്‍. വാട്‌സാപ്പിനെക്കാള്‍ ടെലഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകളാണ് ഇത്തരത്തിലുള്ള വിഡിയോ കൈമാറ്റത്തിന് കുറ്റവാളികള്‍ ഉപയോഗിക്കുന്നത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഒരു വെബ്‌സൈറ്റുകളിലും ലഭ്യമാകാതിരിക്കാന്‍ രാജ്യാന്തര തലത്തിലും പൊലീസ് നിരീക്ഷണം ശക്തമാണ്.
Post Your Comments