Latest NewsIndia

ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റര്‍ അറസ്റ്റിൽ

മോഷ്ടിച്ച വാഹനങ്ങളുടെ പേപ്പറുകള്‍ കോപ്പിയെടുത്തിട്ട് അവയെ പണയം വയ്ക്കുകയായിരുന്നു ഇയാളുടെ രീതി.

മധുരൈ: ബൈക്ക് മോഷണം പതിവായി നടത്തുന്ന പാസ്റ്റർ അറസ്റ്റിൽ. പ്രാർത്ഥനാ ഹാളിനു വാടക കൊടുക്കാനില്ലാത്തതിനാലാണ് താൻ ബൈക് മോഷ്ടിച്ചതെന്നാണ് ഇയാളുടെ കുറ്റസമ്മതം. മധുരയ്ക്കടുത്തുള്ള തണക്കംകുളം എന്ന സ്ഥലത്ത് സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന വിജയന്‍ സാമുവല്‍ (35) ആണ് പോലീസ് കസ്റ്റഡിയിലായത്. സിറ്റിയിലെ തിരക്കു പിടിച്ച വാണിജ്യ കേന്ദ്രങ്ങളായ എസ്‌എസ് കോളനി, സുബ്രഹ്മണ്യപുരം, തിരുമംഗലം തുടങ്ങിയ പ്രദേശങ്ങളാണ് സാമുവല്‍ തന്റെ മോഷണത്തിന് തെരെഞ്ഞെടുത്തിരുന്നത്.

മോഷ്ടിച്ച വാഹനങ്ങളുടെ പേപ്പറുകള്‍ കോപ്പിയെടുത്തിട്ട് അവയെ പണയം വയ്ക്കുകയായിരുന്നു ഇയാളുടെ രീതി. ഇങ്ങനെ മൂന്നു ബൈക്കുകള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കും, വേറെ രണ്ടെണ്ണം ഇയാളുടെ പ്രാര്‍ഥനാ മീറ്റിങ്ങുകളില്‍ പങ്കെടുത്തവര്‍ക്കും ആണ് കൊടുത്തത്.മോഷ്ടിച്ച ഒരു ബൈക്ക് റിപ്പയര്‍ ജോലിക്കായി മെക്കാനിക്കിന്റെ അടുക്കല്‍ എത്തിച്ചപ്പോഴാണ് സാമുവലിന്റെ മോഷണം പുറത്തായത്. തന്റെ ഒരു ഇടപാടുകാരന്റെ ആയിടെ മോഷണം പോയ ബൈക്ക് തന്നെയല്ലേ ഇതെന്ന് മെക്കാനിക്കിന് സംശയം ഉണരുകയും അദ്ദേഹം യഥാര്‍ത്ഥ ഉടമയെ അറിയിച്ച്‌ വിളിച്ചു വരുത്തുകയുമായിരുന്നു.

വാഹനം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു യഥാര്‍ത്ഥ ഉടമസ്ഥന്‍ പോലീസിനെ വിവരമറിയിച്ചു. ബൈക്ക് തിരികെ എടുക്കാന്‍ എത്തിയ വിജയന്‍ സാമുവലിനെ പോലീസ് പൊക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്ന് ഒരു ഡസനോളം ബൈക്കുകള്‍ കണ്ടെടുത്തു.തേനി സ്വദേശിയായ ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പതിനായിരം രൂപ മാസ വാടകയ്ക്ക് ഹാള്‍ എടുത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കൊറോണ വ്യാപനംമൂലം സംഭാവനകളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെയാണ് വാഹന മോഷണ രംഗത്തേക്ക് കടന്നത്. ഏതാനും ആഴ്ചകളായി പ്രാര്‍ഥനാ പ്രവര്‍ത്തനം നിലച്ചിരുന്നെങ്കിലും പറഞ്ഞുറപ്പിച്ച വാടക കൊടുക്കാതെ തരമില്ലെന്ന സ്ഥിതി വന്നതോടെയാണ് പാസ്റ്റര്‍ മോഷണം ചെയ്യാന്‍ നിര്‍ബന്ധിതനായി തീര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button