Kerala

ഫോൺ മോഷണത്തിന് അറസ്റ്റിലായ അലി അഷ്കറും ആൻമേരിയും സ്ഥിരം കുറ്റവാളികൾ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: ഫോൺ മോഷണത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ദമ്പതികൾ സ്ഥിരം കുറ്റവാളികളെന്ന് പൊലീസ്. കാസർകോഡ് മൂളിയൂർ സ്വദേശി അലി അഷ്കർ, തൃശൂർ പുതുക്കാട് സ്വദേശി എം.ഡി.ആൻമേരി എന്നിവരാണ് മൊബൈൽ മോഷണത്തിന് പിടിയിലായത്. അത്യാവശ്യമായി ഒന്ന് ഫോൺ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇവർ ആളുകളിൽ നിന്നും ഫോൺ കൈക്കലാക്കിയിരുന്നത്.

ആളുകൾ ഫോൺ ചെയ്യാനായി മൊബൈൽ നൽകുന്നതോടെ തന്ത്രപരമായി അവിടെ നിന്നും മുങ്ങുകയും ചെയ്യും. ഒരു ബേക്കറി ജീവനക്കാരൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തി കടയിലുള്ളവരുടെയോ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയോ മൊബൈലുകളാണ് ഇവർ തട്ടിയെടുത്തിരുന്നത്.

കടകളിലും മറ്റും കയറി തങ്ങളുടെ മൊബൈൽ നഷ്ടപ്പെട്ടുവെന്നും അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് മൊബൈലുകൾ വാങ്ങുകയാണ് ഇവർ ആദ്യം ചെയ്യുക. ശേഷം ഇതുമായി ഓടി രക്ഷപെടുകയാണ് മോഷണ രീതി. സമീപത്തായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിൽ ഉടൻ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്യും. ഇത്തരത്തിൽ മൊബൈൽ തട്ടിയെടുത്ത പത്തോളം കേസുകളിൽ പൊലീസിനു പരാതി ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറി ജീവനക്കാരന്റെ മൊബൈൽ സമാനരീതിയിൽ തട്ടിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവർക്കായി വല വിരിക്കുകയായിരുന്നു. കൊച്ചിയിൽ ഒരുമിച്ചു താമസിക്കുന്ന ഇരുവരും മുൻപു ലഹരി, ബൈക്ക് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button