
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ 24 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗിര്‍വാലും മുന്നൂറോളം പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ഗിര്‍വാല്‍.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയുടെയും സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ എം.എല്‍.എ രാജ്‌വര്‍ദ്ധന്‍ സിംഗ് ദത്തിയോണിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
നേരത്തെ ജ്യോതിരാധിത്യ സിന്ധ്യയ്‌ക്കൊപ്പം 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇവർ ബിജെപിയിലേക്ക് ചേരുന്ന ചടങ്ങിനൊപ്പം ബി.ജെ.പിയുടെ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടന്നു.
Post Your Comments