ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി നൽകി 26 കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഹിമാചൽ കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രവർത്തകരുമാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് അപ്രതീക്ഷിത ആഘാതമായി. നവംബർ 12 നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്. അതേസമയം വിമത ശല്യം കൊണ്ട് പൊറുതിമുട്ടിയിരുന്ന ബിജെപിയ്ക്ക് കോൺഗ്രസ് നേതാക്കളുടെ വരവ് തെല്ല് ആശ്വാസം പകരുന്നതാണ്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന്റെയും തിരഞ്ഞെടുപ്പിൻറെ ചുമതലയുള്ള ബിജെപിയുടെ സുധൻ സിംഗിന്റെയും സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് മറുകണ്ടം ചാടിയത്.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ ബി.ജെ.പിയിലേക്കെത്തിയ നേതാക്കളെ സ്വാഗതം ചെയ്തു. പാർട്ടിയുടെ ചരിത്ര വിജയത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്നായിരുന്നു ജയറാം ഠാക്കൂറിൻറെ പ്രതികരണം. ഷിംലയിലെ ബിജെപി സ്ഥാനാർത്ഥി സഞ്ജയ് സൂദും കോൺഗ്രസ് നേതാക്കളെ സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ, മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗൺസിലർ രാജൻ താക്കൂർ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മേത്ത, മെഹർ സിംഗ് കൻവാർ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ നേഗി, ജയ് മാ ശക്തി സോഷ്യൽ സംസ്ഥാന പ്രസിഡന്റ് ജോഗീന്ദർ ഠാക്കൂർ എന്നിങ്ങനെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളടക്കം 26 പേരാണ് ബിജെപിയിലെത്തിയത്.
അതേസമയം, വിമത ശല്യം രൂക്ഷമായതോടെ പാർട്ടിക്കെതിരെ നിന്ന നേതാക്കൾക്കെതിരെ കടുത്ത നടപടയാണ് ബിജെപി സ്വീകരിച്ചത്. ഗുജറാത്തിന് പിന്നാലെ ഹിമാചലിലും യൂണിഫോം സിവിൽ കോഡ് ആണ് ബിജെപിയുടെ പ്രചരണ ആയുധം. ഹിമാചൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കും എന്ന വാഗ്ദാനം ബിജെപി നൽകിയിട്ടുണ്ട്. യൂണിഫോം സിവിൽ കോഡ് നടപ്പാക്കാൻ സമിതിയെ നിയോഗിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. സിവിൽ കോഡ് ഉൾപ്പെടെ 11 വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
Post Your Comments