മുംബൈ : കേരളത്തില്‍ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു വച്ച് പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, സുരേഷ് റെയ്‌ന, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, ബദരിനാഥ്, കെവിന്‍ പീറ്റേഴ്‌സന്‍ തുടങ്ങി നിരവധി പ്രമുഖരാണ് രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നത്. എന്നാല്‍ മനുഷ്യരുടെ കാര്യത്തിലില്ലാത്ത വേദനയും ആശങ്കയും മൃഗങ്ങളുടെ കാര്യത്തില്‍ ഇവര്‍ക്കെങ്ങനെ ഉണ്ടാകുന്നു എന്ന ചോദ്യവുമായി നിരവധി ആരാധകര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഈ ചോദ്യം ഇപ്പോള്‍ നേരിട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. മുംബൈ മിററില്‍ അഭിമുഖത്തിനെത്തിയപ്പോളണ് പഠാനു നേരെ ഈ ചോദ്യമുയര്‍ന്നത്. കേരളത്തില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞപ്പോള്‍ പ്രതികരിച്ച കായികതാരങ്ങള്‍ എന്തുകൊണ്ട് തിഹാറില്‍ ഗര്‍ഭിണിയായ സ്ത്രീ കൊല്ലപ്പെട്ടപ്പോഴും മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും പ്രതികരിക്കുന്നില്ലയെന്നും ഭയമാണോ കാരണം എന്നുമായിരുന്നു താരത്തിനു നേരെ ഉയര്‍ന്ന ചോദ്യം.
എന്നാല്‍ ഇതിന് പഠാന്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായി. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാത്തത് പ്രതികരിച്ച് വിവാദത്തില്‍ ചാടുമെന്ന ഭയംകൊണ്ടാകാമെന്നും എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എല്ലാവര്‍ക്കും അവരുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അതാണ് എല്ലാവരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ പോലെയല്ല നമ്മുടെ രാജ്യമെന്നും എതിര്‍ ടീമിനെക്കുറിച്ച് കൂടുതല്‍ പുകഴ്ത്തി പറഞ്ഞുവെന്ന് ഒരു ചലച്ചിത്ര താരം ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ജോലി പോയ കമന്റേറ്റര്‍ ഉള്ള നാടാണ് നമ്മുടേതെന്നും അതുകൊണ്ട് ചില സമയത്ത് സ്വന്തം ബോധ്യങ്ങള്‍ തുറന്നുപറയാന്‍ എല്ലാവരും മടിക്കുമെന്നും പഠാന്‍ പറഞ്ഞു.
അതേസമയം യുഎസിലും യുകെയിലെയും സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ ആര്‍ക്കും ജോലി നഷ്ടമാകില്ലെന്നും അഭിപ്രായം തുറന്നുപറഞ്ഞാലും ബാക്കിയെല്ലാവരെയും പോലെ അവര്‍ക്ക് തുടര്‍ന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനുഭവിച്ചു തന്നെ ജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments