ന്യൂഡൽഹി: രാജ്യസഭയിലെ 24 സീറ്റിലേക്കു ജൂൺ 19-ന് നടക്കുന്ന തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഭരണകക്ഷിയായ ബി.ജെ.പി. ഭൂരിപക്ഷത്തോടടുക്കുമെന്നു സൂചന. എൻ.ഡി.എ. സഖ്യകക്ഷികളും എ.ഐ.എ.ഡി.കെ.യും ചേരുന്നതോടെ 245 അംഗ സഭയിലെ നിലവിലെ ഭൂരിപക്ഷസംഖ്യയായ 123-നെക്കാൾ എട്ടുസീറ്റുമാത്രം പിന്നിലായിരിക്കും ഭരണകക്ഷി.115 വരെയെങ്കിലും അംഗങ്ങൾ ബി.ജെ.പി.ക്കുണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.
ബി.ജെ.ഡി.(9), ടി.ആർ.എസ്.(7), വൈ.എസ്.ആർ. കോൺഗ്രസ് (6) പാർട്ടികളുടെ 22 സീറ്റുകൾ നിർണായകസമയങ്ങളിലെല്ലാം അനുകൂലമായി ലഭിക്കുന്നതിനാൽ ബി.ജെ.പി.ക്ക് ഒട്ടും ഭയക്കാനില്ല. തിരഞ്ഞെടുപ്പുകഴിയുന്നതോടെ ഒമ്പതുസീറ്റുകൂടി നേടി നിലവിലുള്ള 75 സീറ്റിൽനിന്ന് ബി.ജെ.പി. 84 സീറ്റിലെത്തുമെന്നാണ് സൂചന. എപ്പോഴും കൂടെനിൽക്കുന്ന എ.ഐ.എ.ഡി.എം.കെ.യുടെ ഒമ്പതംഗങ്ങളും ചേർന്നാൽ സംഖ്യ 115-ലെത്തും. ജാർഖണ്ഡിലെ ഒരു സീറ്റ് നേടാനായില്ലെങ്കിൽമാത്രമേ ഇതിൽ വ്യത്യാസം വരാനിടയുള്ളൂ.
ഇപ്പോഴത്തെ സ്ഥിതിയിൽ ഗുജറാത്തിലെ നാലിൽ മൂന്ന്, മധ്യപ്രദേശിലെ മൂന്നിൽ രണ്ട്, രാജസ്ഥാനിലെ മൂന്നിലൊന്ന്, ജാർഖണ്ഡ്, മണിപ്പുർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഒന്നുവീതം സീറ്റുകൾ ബി.ജെ.പി.ക്ക് ലഭിക്കും. യു.പി., ബിഹാർ, കേരളം എന്നിവിടങ്ങളിൽ ഓരോ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇതിലും ഭാവിയിൽ കേരളത്തിലൊഴികെയുള്ള രണ്ടുസീറ്റ് ബി.ജെ.പി. നേടിയേക്കും.പ്രതിപക്ഷത്താകട്ടെ, നിലവിൽ 90 അംഗങ്ങളാണുള്ളത്. പ്രധാന കക്ഷിയായ കോൺഗ്രസിന് 39 അംഗങ്ങൾ. തിരഞ്ഞെടുപ്പുകഴിയുന്നതോടെ ഇത് 37 ആയി ചുരുങ്ങും.
കർണാടകം, അരുണാചൽ പ്രദേശ്, മിസോറം എന്നിവിടങ്ങളിൽ സീറ്റ് നഷ്ടമാകുന്ന പാർട്ടിക്ക് രാജസ്ഥാനിലാണ് ഒരു സീറ്റ് കൂടുതൽ ലഭിക്കുക. ജനതാദൾ എസിന് കർണാടകത്തിൽ ഒരു സീറ്റ് ലഭിക്കും. ഇതിനുപുറമെ എസ്.പി.(8), ബി.എസ്.പി.(4) എന്നീ പാർട്ടികൾക്ക് കോൺഗ്രസുമായി അടുത്തകാലത്തുതുടങ്ങിയ അകൽച്ചയും ബി.ജെ.പി. സർക്കാരിന് അനുകൂലമാവും. ഇവരുടെ പിന്തുണ പലപ്പോഴും ബി.ജെ.പി.ക്ക് അനുകൂലമായ അവസ്ഥയിലാണ്.
Post Your Comments