
ദുബായ്: കോവിഡ് കാലത്ത് നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ പുതിയ ഇടക്കാല പരിഷ്‌കാരങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ച് ഐസിസി. മത്സരങ്ങളില്‍ കൊവിഡ് പകരക്കാരന്‍, പന്തില്‍ തുപ്പല്‍ വിലക്ക്, ടെസ്റ്റ് പരമ്പരകളില്‍ ന്യൂട്രല്‍ അമ്പയര്‍ വേണമെന്നതില്‍ ഇളവ്, ഡിആര്‍എസിന് കൂടുതല്‍ അവസരങ്ങള്‍ എന്നിവയാണ് ഐസിസി പ്രഖ്യാപിച്ച പുതിയ പരിഷ്‌കാരങ്ങള്‍. അടുത്ത ഒരുവര്‍ഷത്തേക്കായിരിക്കും ഈ മാറ്റമെന്നും ഐസിസി വ്യക്തമാക്കി.
തുപ്പല്‍ വിലക്ക്
പന്തിന് തിളക്കം കൂട്ടാന്‍ കളിക്കാര്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത് വിലക്കണമെന്ന് അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റി നിര്‍ദേശം ഐസിസി ഔദ്യോഗികമായി അംഗീകരിച്ചു. തുപ്പല്‍ വിലക്കില്‍ തുടക്കത്തിലെ മത്സരങ്ങളില്‍ ചില ഇളവുകള്‍ നല്‍കാന്‍ ഐസിസി അമ്പയര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പന്തില്‍ തുപ്പല്‍ പുരട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാര്‍ പന്ത് വാങ്ങി വൃത്തിയാക്കിയശേഷമെ കളി തുടരാന്‍ അനുവദിക്കൂ മാത്രവുമല്ല ടീമിന് രണ്ട് തവണ താക്കീത് നല്‍കും. ഇതിനുശേഷവും തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പെനല്‍റ്റിയായി വിധിക്കും.
നിഷ്പക്ഷ അമ്പയര്‍മാരില്ലെങ്കില്‍ സ്വദേശി അമ്പയര്‍:
ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിഷ്പക്ഷ അമ്പയര്‍മാര്‍ വേണമെന്നതാണ് നിയമമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക അമ്പയര്‍മാരെയും മാച്ച് ഒഫീഷ്യല്‍സിനെയും മത്സരം നിയന്ത്രിക്കാനായി നിയോഗിക്കാം.
കോവിഡ് കളിക്കാരന് പകരക്കാരന്‍:
മത്സരത്തിനിടെ പ്ലേയിംഗ് ഇലവനിലെ ഏതെങ്കിലും കളിക്കാരന്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇയാളെ ഐസൊലേഷനിലേക്ക് മാറ്റുന്നതിനൊപ്പം ഈ കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാന്‍ ടീമുകളെ അനുവദിക്കും.
ഒരു ലോഗോ കൂടി:
പുതിയ സാഹചര്യത്തില്‍ ടെസ്റ്റില്‍ കളിക്കാര്‍ക്ക് ജേഴ്‌സിയില്‍ നെഞ്ചിന്റെ ഭാഗത്ത് 32 ചതുരശ്ര ഇഞ്ച് വലിപ്പത്തില്‍ ഒരു ലോഗോ കൂടി കൂടുതലായി പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കും. ടെസ്റ്റില്‍ ജേഴ്‌സിയിലെ നെഞ്ചിന്റെ ഭാഗത്ത് ലോഗോ പ്രദര്‍ശിപ്പിക്കാനാവുമായിരുന്നില്ല. ഏകദിനത്തില്‍ മാത്രമായിരുന്നു ഇതുവരെ ഇതിന് അനുവാദമുണ്ടായിരുന്നത്. നിലവില്‍ മൂന്ന് ലോഗോകള്‍ മാത്രമാണ് ടെസ്റ്റില്‍ ഒരു കളിക്കാരന്റെ ജേഴ്‌സിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദമുള്ളത്.
ഡിആര്‍എസിന് കൂടുതല്‍ അവസരം:
യാത്രാ വിലക്കുള്ളതിനാല്‍ പരിചയസമ്പന്നരായ അമ്പയര്‍മാരുടെ അഭാവത്തില്‍ പുതുമുഖങ്ങളായ അമ്പയര്‍മാര്‍ മത്സരം നിയന്ത്രിക്കേണ്ട സാഹചര്യമുള്ളതിനാല്‍ ടെസ്റ്റില്‍ ഓരോ ടീമിനും ഇനി മൂന്ന് ഡിആര്‍എസ് അവസരങ്ങളും ഏകദിനത്തില്‍ രണ്ട് ഡിആര്‍എസ് അവസരങ്ങളും നല്‍കും.
Post Your Comments