Latest NewsKeralaNews

സർക്കാരുകളും ഭഗവാനോട് കൂറില്ലാത്ത ഉദ്യോഗസ്ഥരും കൂടി വരുത്തി വച്ച ദുരിതത്തിന്റെ പടുകുഴിയിൽ പെട്ട് ഉഴലുകയാണ് പത്മനാഭസ്വാമിക്ഷേത്രവും ഭക്തജനങ്ങളും: കുറിപ്പ് ചർച്ചയാകുന്നു

പത്മനാഭസ്വാമിക്ഷേത്രത്തിനെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരണമായി എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിതാപകരമായ അവസ്ഥ സംബന്ധിച്ച മാതൃഭൂമി ന്യൂസിൽ വന്ന വാർത്ത കണ്ടപ്പോൾ ചില വസ്തുതകൾ പൊതുസമൂഹത്തിൽ അറിയിക്കണമെന്ന തോന്നലുണ്ടായെന്ന് വ്യക്തമാക്കി കെ പി മധുസൂദനൻ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാജഭരണക്കാലത്ത് സ്വയംപര്യാപ്തമായിരുന്ന ഈ മഹാക്ഷേത്രത്തിൽ നിന്ന് രാജ്യകാര്യങ്ങൾക്കായി തിരുവിതാംകൂർ മഹാരാജാക്കന്മാർ കടം വാങ്ങിയ അപൂർവ്വം സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ധർമ്മാത്മാക്കളായ രാജാക്കന്മാർ പിന്നീട് പലിശ സഹിതം കടം വീട്ടിയിട്ടുമുണ്ട്. പക്ഷേ സ്വാതന്ത്ര്യാനന്തരം ഇതെല്ലാം പഴങ്കഥയായി. പിന്നീട് നാട് ഭരിച്ച സർക്കാരുകളും ഭഗവാനോട് കൂറില്ലാത്ത ഉദ്യോഗസ്ഥരും കൂടി വരുത്തി വച്ച ദുരിതത്തിന്റെ പടുകുഴിയിൽ പെട്ട് ക്ഷേത്രവും ഭക്തജനങ്ങളും ഉഴലുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Read also: കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്നു: കടുത്ത നിയന്ത്രണങ്ങൾ

കുറിപ്പിന്റെ പൂർണരൂപം:

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിതാപകരമായ അവസ്ഥ സംബന്ധിച്ച മാതൃഭൂമി ന്യൂസിൽ വന്ന വാർത്ത കണ്ടപ്പോൾ ചില വസ്തുതകൾ പൊതുസമൂഹത്തിൽ അറിയിക്കണമെന്ന തോന്നലുണ്ടായി. അതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. രാജഭരണക്കാലത്ത് സ്വയംപര്യാപ്തമായിരുന്ന ഈ മഹാക്ഷേത്രത്തിൽ നിന്ന് രാജ്യകാര്യങ്ങൾക്കായി തിരുവിതാംകൂർ മഹാരാജാക്കന്മാർ കടം വാങ്ങിയ അപൂർവ്വം സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ധർമ്മാത്മാക്കളായ രാജാക്കന്മാർ പിന്നീട് പലിശ സഹിതം കടം വീട്ടിയിട്ടുമുണ്ട്. പക്ഷേ സ്വാതന്ത്ര്യാനന്തരം ഇതെല്ലാം പഴങ്കഥയായി. പിന്നീട് നാട് ഭരിച്ച സർക്കാരുകളും ഭഗവാനോട് കൂറില്ലാത്ത ഉദ്യോഗസ്ഥരും കൂടി വരുത്തി വച്ച ദുരിതത്തിന്റെ പടുകുഴിയിൽ പെട്ട് ഉഴലുകയാണ് ഇന്ന് ക്ഷേത്രവും ഭക്തജനങ്ങളും. ശ്രീ പത്മനാഭസ്വാമിയെ വഞ്ചിക്കുന്ന പരിപാടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

1949 ലെ കവനന്റ് പ്രകാരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സർക്കാർ എല്ലാ വർഷവും ഫണ്ട് നൽകേണ്ടതാണ്. അന്ന് ചിത്തിര തിരുനാൾ മഹാരാജാവ് നിശ്ചയിച്ച തുക 6 ലക്ഷം രൂപയായിരുന്നു. ഈ തുക കാലോചിതമായി പരിഷ്കരിക്കാൻ ഒരു സർക്കാരും തയ്യാറായില്ല എന്ന് മാത്രമല്ല 1971ൽ ശ്രീ പത്മനാഭസ്വാമിയുടെ വസ്തുക്കളായ 33000 ഏക്കർ വരുന്ന ഫലഭൂയിഷ്ഠമായ ഭൂമി പിടിച്ചെടുക്കുകയാണ് സർക്കാരുകൾ ചെയ്തത്. ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാൻ മടിച്ച കാര്യമായിരുന്നു ഇത്. തിരുവനന്തപുരം ഭാഗത്തുള്ള 12000 ഏക്കർ വരുന്ന ഭൂമിക്ക് അന്ന് കേരള സർക്കാർ നിശ്ചയിച്ച വാർഷിക നഷ്ടപരിഹാര തുക 58500 രൂപ….

(ഒരേക്കർ ഭൂമിക്ക് 5 രൂപയിൽ താഴെ !!!

1971 മുതലുള്ള കഴിഞ്ഞ 49 വർഷങ്ങളിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ആനുകൂല്യങ്ങൾ സമയാസമയം വർധിപ്പിച്ച സർക്കാരുകൾ ഒന്നും തന്നെ ശ്രീ പത്മനാഭസ്വാമിക്ക് നൽകുന്ന നഷ്ടപരിഹാര തുകയിൽ ഒരു നയാ പൈസയുടെ വർധനവ് ഇതുവരെ വരുത്തിയിട്ടില്ല….. കാര്യം ഇതൊക്കെയാണെങ്കിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രം നടത്തി വന്ന തിരുവിതാംകൂർ രാജകുടുംബമൊ ഭക്തജനങ്ങളൊ ഒരു അമർഷവും കാട്ടിയില്ല. പകരം തങ്ങളാൽ കഴിയുന്ന വിധം കാണിക്ക നൽകി ക്ഷേത്രം നടത്തി വന്നു.

എന്നാൽ രാജകുടുംബം പായസ പാത്രത്തിൽ സ്വർണ്ണം കടത്തുന്നു എന്ന കള്ള കഥ പ്രചരിപ്പിച്ച് 2014 ൽ രാജകുടുംബത്തേ ഒഴിവാക്കി ക്ഷേത്രത്തേ സുപ്രീം കോടതി നിയമിച്ച ഒരു താത്കാലിക സമിതിക്ക് കീഴിലാക്കി. അതോടെ അക്ഷരാർത്ഥത്തിൽ ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും ശനിദശ ആരംഭിച്ചു എന്ന് തന്നെ പറയാം.

തുടർന്ന് സാമ്പത്തിക കെടുകാര്യസ്ഥതയും അന്തഃച്ഛിദ്രവും ഏകാധിപത്യ പ്രവണതയും സ്വജനപക്ഷപാതവും തുടങ്ങി കടുത്ത ആചാര ലംഘനങൾക്കും കൂടി ക്ഷേത്രം വേദിയായി. സർക്കാർ പ്രതിനിധിയായ ഐഎഎസ് ഉദ്യോഗസ്ഥൻ എക്സിക്യൂട്ടീവ് ഓഫീസറും ജില്ലാ ജഡ്ജി ചെയർമാനായ ഭരണസമിതിയും നിഷ്ക്രിയത്വത്തിൽ ഒഴികെ മറ്റൊന്നിലും യോജിച്ചില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധികൾക്ക് പോലും പുല്ലു വിലയാണ് കൽപിക്കപ്പെട്ടത്. ശ്രീകോവിലിന്റെ നവീകരണവുമായി ബന്ധപ്പെട്ട് വിഭവ സമാഹരണത്തിനായി ക്രിയാത്മകമായ നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മരപ്പണികൾ ഏകദേശം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും കലശസ്ഥാപനം നടത്താൻ പറ്റാത്തത് വലിയ വീഴ്ചയാണ്. ക്ഷേത്ര വസ്തുക്കൾ കൈയ്യേറി വെച്ചിരിക്കുന്ന ലോബിയുടെ റിമോട്ട് കൺട്രോൾ ഭരണമാണ് ക്ഷേത്രത്തിൽ നടക്കുന്നത് എന്ന് വ്യാപകമായ പരാതി ഉയരുന്നു. അധികാരികൾകെതിരെ അഴിമതി ആരോപണവും ധൂർത്തും ആരോപിച്ച് ക്ഷേത്ര ജീവനക്കാരിലെ വലിയ ഒരു വിഭാഗം കഴിഞ്ഞ ദിവസം രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.

കൊറോണ കാലത്തിനു മുമ്പേ ക്ഷേത്രം സാമ്പത്തികമായി തകർച്ചയുടെ വക്കിൽ എത്തിയിരുന്നു. സമ്പൂർണ്ണ ലോക്ഡൗണോട് കൂടി തകർച്ച പൂർണ്ണമായി. കേരള സർക്കാർ ന്യായമായും നൽകേണ്ട തുകയുടെ ചെറിയ ഒരു ഭാഗം നൽകിയാൽ തന്നെ ഈ പ്രതിസന്ധി മറികടക്കാം. പക്ഷേ സ്ഥായിയായ ഒരു നല്ല മാറ്റം ക്ഷേത്രത്തിൽ ഉണ്ടാകണമെങ്കിൽ ഭരണതലത്തിൽ സമൂലമായ അഴിച്ചുപണി അനിവാര്യമാണ്. രാഷ്ട്രീയ പാർട്ടികളുടെയും സർക്കാരുകളുടെയും നിയന്ത്രണങ്ങളൊ ഇടപെടലുകളൊ ഇല്ലാത്ത ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാകണം ക്ഷേത്രം ഭരണം നിർവ്വഹിക്കാൻ. അതാകട്ടെ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.

ഇത്തരുണത്തിൽ കേരള സർക്കാർ എത്രയും പെട്ടെന്ന് ക്ഷേത്രത്തിന് അർഹമായ തുക നൽകണം എന്നതാണ് ഭക്തജനങ്ങളുടെ ആവശ്യം. ഭഗവാന്റെ പണം സർക്കാർ അനുഭവിക്കുന്നത് തുറന്നുകാട്ടാൻ #5rsfor1acre എന്ന സോഷ്യൽ മീഡിയ campaign ഇന്ന് മുതൽ ആരംഭിക്കുന്നു. എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

ശ്രീ പത്മനാഭസ്വാമി അനുഗ്രഹിക്കട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button