തിരുവനന്തപുരം: ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന പ്രത്യേക സര്‍വീസ് ബസിന്റെ ടയര്‍ മനഃപൂര്‍വം പഞ്ചാറാക്കുന്നതായി കെഎസ്ആര്‍ടിസിയുടെ പരാതി. ആറ്റുകാല്‍-ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് നടത്തുന്ന സര്‍വീസ് ബസാണ് ഒരാഴ്ചക്കിടെ അഞ്ചു തവണ പഞ്ചറായത്. സംഭവത്തില്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കെതിരെ ഫോര്‍ട്ട് പോലീസിനു സിറ്റി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പരാതി നല്‍കി.
ചൊവ്വാഴ്ചയും ടയര്‍ പഞ്ചറായതോടെയാണ് പരാതി നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പലകയില്‍ ആണി തറച്ചുവെച്ചാണ് ടയര്‍ പഞ്ചറാക്കുന്നത്. മണ്ഡലകാലത്ത് മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന അയ്യപ്പഭക്തരെ ഉദ്ദേശിച്ചാണ് സര്‍വീസ് തുടങ്ങിയത്. ഭാഷ അറിയാത്ത ഭക്തര്‍ക്കുകൂടി മനസ്സിലാകാന്‍ ജീവനക്കാര്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള സര്‍വീസാണെന്നു വിളിച്ചുപറയണമെന്ന നിര്‍ദേശവുമുണ്ട്. 10 മണി വരെ ഓടുന്ന 15 സര്‍വീസുകളിലുമായി 8000 രൂപയാണ് ശരാശരി വരുമാനം.
യാത്രക്കാര്‍ ബസിനെ ആശ്രയിക്കുന്നതിനാല്‍ ഓട്ടം കിട്ടുന്നില്ലെന്ന് പറഞ്ഞ് ആറ്റുകാല്‍ പരിസരത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ബസ് ജീവനക്കാരെ അസഭ്യം പറയുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ബസിനു മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് സര്‍വീസ് തടസ്സപ്പെടുത്താറുണ്ടെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തരെ ഉള്‍പ്പെടെ ബസിലേക്കു വിളിച്ചുകയറ്റുന്നുവെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം.
Post Your Comments