Latest NewsKeralaNews

കുഞ്ഞാലിക്കുട്ടി – പിണറായി അന്തര്‍ധാര : കെ.എം.സി.സിയ്ക്ക് കൊള്ളയടി നടത്താന്‍ വന്ദേ ഭാരത് പദ്ധതി അട്ടിമറിച്ച് ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നല്‍കുന്നു; ഗുരുതര ആരോപണങ്ങളുമായി സന്ദീപ്‌ വാര്യര്‍

തിരുവനന്തപുരം • കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത്‌ പദ്ധതി കെ.എം.സി.സിയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെണ്ണ ആരോപണവുമായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ്‌ വാര്യര്‍.

പ്രവാസികളുടെ പണം മാത്രം മതി അവരെ നാട്ടിലേക്ക് കൊണ്ടുവരരുത് എന്ന ഹൃദയശൂന്യമായ നിലപാടാണ് പിണറായി വിജയൻ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് സന്ദീപ്‌ വാര്യര്‍ പറഞ്ഞു. കെഎംസിസിയെ പോലുള്ള ലീഗ് പ്രവാസി സംഘടന പ്രവാസികളെ കൊള്ളയടിച്ചു പണമുണ്ടാക്കാനുള്ള വഴിയായി ചാർട്ടേഡ് ഫ്ളൈറ്റുകളെ കണ്ടിരിക്കുന്നു. കേന്ദ്രസർക്കാർ 15,000 രൂപയ്ക്ക് കൊണ്ടുവരുമ്പോൾ കെ.എം.സി.സി മുപ്പതിനായിരം രൂപ വാങ്ങിയാണ് ചാർട്ടേഡ് വിമാനം ഏർപ്പാടാക്കുന്നത്.

സംസ്ഥാന സർക്കാർ അനുമതി നൽകാതെ ചാർട്ടേഡ് വിമാനങ്ങൾക്കും പറക്കാൻ കഴിയില്ല. 15000 രൂപ ടിക്കറ്റ് നിരക്ക് മാത്രം നൽകിയാൽ കേന്ദ്ര സർക്കാരിൻറെ വന്ദേഭാരത് മിഷനിൽ പോരാം എന്നിരിക്കെ , കൂടുതൽ വന്ദേഭാരത് വിമാനങ്ങൾ പറക്കരുതെന്ന് ആവശ്യപ്പെടുകയും, അതേസമയം മുപ്പതിനായിരം രൂപ വാങ്ങിയുള്ള കെ.എം.സി.സി സമ്പന്നരുടെ ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുകയും ചെയ്യുന്നത് അനീതിയാണ്. ലേബർ ക്യാമ്പുകളിലും മറ്റും പെട്ടുപോയിരിക്കുന്ന ആയിരക്കണക്കിന് മലയാളികൾക്ക് തിരികെ വരാനുള്ള അവസരം നിഷേധിക്കുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ നടപടി.

പികെ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും തമ്മിൽ നിലനിൽക്കുന്ന അന്തർധാരയുടെ ഫലമായാണ് വന്ദേ ഭാരത് പദ്ധതി അട്ടിമറിച്ച് കെഎംസിസി ചാർട്ട് വിമാനങ്ങൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. അടിയന്തരമായി കൂടുതൽ വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും സന്ദീപ്‌ വാര്യര്‍ ആവശ്യപ്പെട്ടു.

മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കേരളം തയ്യാറാണെങ്കിൽ ആവശ്യമുള്ള വിമാനങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് വിദേശകാര്യ സഹമന്ത്രി ശ്രീ.വി മുരളീധരൻ വ്യക്തമാക്കിട്ടുണ്ടെന്നും സന്ദീപ്‌ വാര്യര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button