Latest NewsKeralaGulf

സാധാരണ പ്രവാസിയുടെ ഫേസ്‌ബുക്ക് ഹെല്പ് ഡെസ്ക്- വിജയ് ബാബു 24×7

ദുബായിലെ ഒരു ജോബ് കണ്സൾട്ടസിയിലെ തിരക്കിട്ട ജോലിയിലും പ്രവാസ ജീവിതത്തിനിടയിലും തന്റെ ഫേസ്ബുക്ക് മെസ്സെഞ്ചരിൽ വരുന്ന സഹായഭ്യര്ഥനകളെ വിജയ് നെഞ്ചോട് ചേർക്കും.

നവയുഗ മാധ്യമങ്ങൾ ഇന്ന് ഒഴിച്ചു കൂടാൻ പറ്റാതെ ജീവിതത്തിൻറെ സമസ്ത മേഖലയിലും പടർന്നു കയറുന്ന കാലഘട്ടമാണിത്.ഫേസ്‌ബുക്ക് അക്കൗണ്ട് എന്നത് മൊബൈൽ ഫോണ് പോലെ സർവ്വ സാധാരണമായി, അധികവും ഉപയോഗിക്കുന്നത് വിശേഷങ്ങളും ഫോട്ടോയും ഒക്കെ ലോകത്തോട് അറിയിക്കാനും സംവദിക്കാനും ഒക്കെ ആയിരിക്കും.ഇവിടെയാണ് പ്രവാസ ലോകത്തിന്റെ തീക്ഷണതയിൽ ജീവിക്കുന്ന പ്രവാസികൾക്ക് ഫേസ്‌ബുക്ക് വാട്‌സ് ആപ്പ് എന്നീ നവ മാധ്യമങ്ങളിലൂടെ ഏത് സമയത്തും എന്ത് സഹായത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിജയ് ബാബു എന്ന പ്രവാസി യുവാവ് വ്യത്യസ്തനാകുന്നത്.

നിറഞ്ഞ ചിരിയോടെ മലയാളിയുടെ തുടിപ്പുകൾക്കൊപ്പം ഈ യുവാവ് നടക്കുന്നുണ്ട്‌.കേരളം ഒന്നു പകച്ചാൽ വിജയും സുഹൃത്തുക്കളും കൂടുതൽ കർമ്മ നിരതരാകും.തന്റെ ഫേസ്ബുക്ക് ഫ്രണ്ട്‌സ് സർക്കിളിനോടാണ് വിജയ് കടപ്പെട്ടിരിക്കുന്നതെന്നാണ് വിനയത്തോടെ പറയുന്നു.ദുബായിലെ ഒരു ജോബ് കണ്സൾട്ടസിയിലെ തിരക്കിട്ട ജോലിയിലും പ്രവാസ ജീവിതത്തിനിടയിലും തന്റെ ഫേസ്ബുക്ക് മെസ്സെഞ്ചരിൽ വരുന്ന സഹായഭ്യര്ഥനകളെ വിജയ് നെഞ്ചോട് ചേർക്കും.തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്ന അഭ്യര്ഥനകൾക്ക് താങ്ങാകാൻ വലിയൊരു സോഷ്യൽ മീഡിയ സൗഹൃദവലയം വിജയിനുണ്ട്.

പ്രവാസികളുടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് താമസ സൗകര്യം എന്നത്.വിജയ് യുടെ ഫേസ്‌ബുക്കിൽ നമ്മൾ ഒന്നു കണ്ണോടിച്ചാൽ ബെഡ് സ്‌പേസ് മുതൽ അപ്പർട്ട്മെന്റ് വരെ പരതുന്ന നിരവധി ആൾക്കാർക്ക് വേണ്ടി പോസ്റ്റുകൾ കാണാം.മണിക്കൂറുകൾക്ക് ഉള്ളിൽ ഇവരുടെ ആവശ്യങ്ങൾ നിറവേറും.യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ഈ യുവാവ് നടത്തുന്ന ഈ സേവനത്തിനു ദുബായ് പോലെയൊരു സിറ്റിയിൽ എന്താണ് പ്രസക്തിയും വിലയും എന്നു പ്രവാസികൾക്ക് അറിയാം.സൂപ്പർമാർക്കറ്റിൽ വില കുറയുന്ന സാധങ്ങളുടെ ലിസ്റ്റ് വരെ പ്രവാസികളുടെ ശ്രദ്ധയിലെത്തിക്കുന്നു,

രണ്ടു പ്രളയത്തിലും വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിന് വിശ്രമം ഇല്ലായിരുന്നു.പ്രവാസ ലോകത്ത് നിന്നും ഉള്ള ഉത്കണ്ഠയും ആശങ്കയും ഒക്കെ അതിൽ പ്രതിഫലിച്ചു.സർക്കാരിന്റെ അലർട്ടുകളും റെസ്‌ക്യു മെസ്സേജുകളും നിരവധി പേരെ സഹായിച്ചു.യു എ ഇ യിലൂടെ നീളം കേരളത്തിന് വേണ്ടി വിജയും കൂട്ടുകാരും സാധനങ്ങൾ ശേഖരിച്ചു.കാർഗോ കമ്പനികൾ സാധനങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ തയ്യാറായി എന്നത് വിജയിന്റെ ആത്മാർഥ പ്രവർത്തനങ്ങൾക്ക് ഉള്ള അംഗീകാരമായി.വിജയിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നിരവധി പേർക്ക് പ്രളയ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രചോദനമായി

കഴിഞ്ഞ ഏഴ് വർഷമായി ഫേസ്‌ബുക്ക് കൂട്ടുകാരോടൊപ്പം നാട്ടിലെ
അമ്പതിലേറെ നിർദ്ധനരായ പെണ് കുട്ടികൾക്ക് സ്വർണ്ണവും വിവാഹ വസ്ത്രങ്ങളും നൽകിയും വിജയ് തന്റെ സഹായ മേഖലകൾ വിപുലമാക്കുന്നു.തന്റെ മുന്നിൽ എത്തുന്ന അഭ്യർത്ഥനകൾ ഒക്കെ ഫേസ്‌ബുക്കിൽ പങ്കു വെച്ചു സുമനസ്സുകളുടെ മുൻപിൽ എത്തിക്കാനും അതിനെ ഫലപ്രാപ്തിയിൽ എത്തിക്കാൻ ചുക്കാൻ പിടിക്കാനും ഉള്ള വിജയിന്റെ അർപ്പണ ബോധം പ്രശംസനീയമാണ്.

ഈ കൊറോണകാലത്ത് വിജയ് ന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലെ സന്ദേശങ്ങൾ പ്രവാസലോകത്തിന്റെ ദുരിതത്തിന്റെ തോത് വിളിച്ചു പറയുന്നുണ്ട്.നാട്ടിൽ പോകാൻ ടിക്കറ്റ് ഇല്ലാതെ വിഷമിക്കുന്നവർ,ജോലി പോയി മരുന്നിനു വേണ്ടി യാചിക്കുന്നവർ,മെഡിക്കൽ ഇൻഷ്വറൻസ് ഇല്ലാത്ത ഗർഭിണികൾ,കുട്ടികൾക്ക് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കേഴുന്ന അമ്മമാർ,ലേബർ ക്യാംപുകളിൽ ആഹാരത്തിനു വഴിയില്ലാതെ നിസ്സഹാരായവർ,നോമ്പ് തുറക്കാൻ വരെ ഭക്ഷണത്തിന് വേണ്ടി മെസ്സേജ് ചെയ്യേണ്ടി വരുന്ന അവസ്‌ഥ അതി ദയനീയമാണ്.ഇവർക്കെല്ലാം സാന്ത്വനമായി വിജയുടെയും കൂട്ടുകാരുടെയും സഹായ ഹസ്തങ്ങൾ എത്തുന്ന കാഴ്ച മലയാളിക്ക് അഭിമാനം തന്നെയാണ്.

വിജയ് യുടെ സ്നേഹത്തിൻറെയും കാരുണ്യത്തിന്റെയും ഏറ്റവും വലിയ ഉറവിടം രക്ത ദാന ക്യാമ്പുകളാണ്.എട്ടു വർഷമായി യു എ ഇ യിലെ നിരവധി രക്ത ദാന ക്യാമ്പുകളുടെ അമരക്കാരനും BD4U എന്ന രക്ത ദാന സംഘടനയുടെ സ്ഥാപകരിലൊരാളാണ്. ദുബായ് അബുദാബി ഷാർജ റസൽ ഖൈമ എന്നിവിടങ്ങളിൽ എല്ലാം ‘ബ്ലഡ് ഡോണർസ് ഫോർ യൂ’ എന്ന സംഘടന മൂന്നു വർഷമായി തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു.ദുബായ് ഹെൽത്തി അതോറിറ്റി (DHA) ‘ബ്ലഡ് ഡോണർസ് ഫോർ യൂ’ ന്റെ സേവനങ്ങളെ പ്രകീർത്തിച്ച കൊണ്ട് സംഘടനയെ ആദരിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന്റെ പ്രളയ കാല സേവനങ്ങളെയും സോഷ്യൽ മീഡിയ ഉപയോഗിച്ചു ചെയ്യുന്ന സേവനങ്ങളെയും പ്രകീർത്തിച്ചു കൊണ്ട് ഗൾഫ് മാധ്യമങ്ങളായ ഗൾഫ് ന്യൂസ്,ഖലീജ് ടൈംസ് ഒക്കെ നിരവധി വാർത്തകൾ നൽകിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ വിജയ് ബാബുവിന്റെ ഏറ്റവും വലിയ പിന്തുണ ഭാര്യ ആര്യ വിജയാണ്. ഇഷൽ,ഇതൾ എന്നിവരാണ് മക്കൾ.എട്ടു വർഷം ദുബായ് മീഡിയയിൽ ജോലി ചെയ്ത വിജയ് ഇപ്പോൾ ജോബ് റിക്രൂട്ട് മെന്റ് കമ്പനിയുടെ റിക്രൂട്ട്മെന്റ് കൻസൽട്ടന്റ് ആയി ജോലി നോക്കുന്നു.

മത രാഷ്ട്രീയ അതിപ്രസരം കൊണ്ട് മുങ്ങി പോകുന്ന സോഷ്യൽ മീഡിയകളിൽ ഇത്തരം മാതൃകപരമായ സേവനം നൽകുന്ന യുവാക്കളുടെ പ്രവർത്തനങ്ങൾ തിരി കെടാതെ നിൽക്കേണ്ടത് പ്രവാസ മലയാളത്തിന്റെയും കാലഘട്ടത്തിന്റെയും ആവശ്യമാണ്.പ്രവാസ ജീവിതത്തിന്റെ പരിമിതമായ സാഹചര്യങ്ങളിലും തന്റെ ചുറ്റിലും ഉള്ളവരോട് സംവദിക്കാനും കൈ പിടിച്ചു ഉയർത്താനും പരിശ്രമിക്കുന്ന വിജയിനെ പോലുള്ളവർ മാതൃകയാണ്..

നിസ്സഹായർക്ക് ഒരു ‘ഹായ്’ മെസ്സേജിനപ്പുറം സ്നേഹത്തിന്റെ ‘ലൗ ഇമോജി’യുമായി നിങ്ങളെ സഹായിക്കാൻ വിജയ് എപ്പോഴും ഉണ്ടാകും

അഭിനന്ദനങ്ങൾ വിജയ് ബാബുവിന്…!!!
ഒപ്പം നിൽക്കുന്ന കൂട്ടുകാർക്ക്…!!!

ലേഖകൻ : വിനോദ് കാർത്തിക

shortlink

Related Articles

Post Your Comments

Related Articles


Back to top button