ന്യൂഡല്‍ഹി • ഈയാഴ്ച സർവീസുകൾ പുനരാരംഭിച്ചതിനുശേഷം വിമാനങ്ങളിൽ യാത്ര ചെയ്ത ഏതാനും ലക്ഷണമില്ലാത്ത യാത്രക്കാർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി പ്രമുഖ വിമാനക്കമ്പനി ഇന്‍ഡിഗോ അറിയിച്ചു.
മെയ് 26 ന് ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് 6E 955 ല്‍ യാത്ര ചെയ്ത ആറ് വ്യക്തികൾ, മെയ് 27 ന്, 6E 6992 ല്‍ ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ആറ് പേര്‍, ഡൽഹിയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള 6E 908 ല്‍ യാത്ര ചെയ്ത രണ്ടുപേര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വിമാനത്തിലെ മറ്റ് യാത്രക്കാരെ പോലെ ഫെയ്സ് മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറകൾ എന്നിവയുൾപ്പെടെയുള്ള മുൻകരുതൽ നടപടികള്‍ യാത്രക്കാർ സ്വീകരിച്ചിരുന്നതായി എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
തങ്ങളുടെ എല്ലാ വിമാനങ്ങളും സാധാരണ ഓപ്പറേറ്റിംഗ് നടപടിക്രമങ്ങുടെ ഭാഗമായി പതിവായി ശുചിയാക്കുന്നുണ്ടെന്നും പ്രോട്ടോക്കോൾ അനുസരിച്ച് ഈ വിമാനങ്ങൾ ഉടന്‍ തന്നെ അണുവിമുക്തമാക്കിയെന്നും ഇന്‍ഡിഗോ അറിയിച്ചു. ജീവനക്കാരെ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മറ്റ് യാത്രക്കാരെ അറിയിക്കുന്ന പ്രക്രിയയിലാണ് തങ്ങളെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
മെയ് 25 ന് അഹമ്മദാബാദിൽ നിന്ന് ഗുവാഹത്തിയിലേക്ക് ഡല്‍ഹി വഴി പോയ രണ്ട് യാത്രക്കാർ കോവിഡ് -19 പോസിറ്റീവായതായി മറ്റൊരു പ്രമുഖ എയർലൈൻ സ്‌പൈസ് ജെറ്റ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.
Post Your Comments