ലോസ് ആഞ്ജലസ്: തണുത്തതും ഈര്‍പ്പവുമുള്ള അന്തരീക്ഷത്തില്‍ കൊറോണ വൈറസ് ഒരാളില്‍ നിന്ന് 20 അടി ദൂരം വരെ സഞ്ചരിക്കുമെന്ന് പഠനം പുറത്ത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഗവേഷകര്‍ ആണ് പഠനം പുറത്തു വിട്ടത്.
സാമൂഹിക അകലം ആറടി പോരെന്നും രോഗിയായ വ്യക്തിയുടെ സ്രവങ്ങളിലടങ്ങിയ വൈറസ് ചൂടുള്ള കാലാവസ്ഥയേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ തണുത്ത കാലാവസ്ഥയില്‍ സഞ്ചരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും 40,000 ഉച്ഛ്വാസ കണങ്ങള്‍ പുറത്തുവരുന്നു എന്നാണ് ഏകദേശ കണക്ക്.
അതേസമയം, ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിൽ കോവിഡ് 19 മരണസംഖ്യ കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച്ച മാത്രം 1,039 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 24,512 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബൊല്‍സനാരോയുടെ ഔദ്യോഗിക വസതി ബഹിഷ്‌കരിക്കാന്‍ ബ്രസീല്‍ മാധ്യമങ്ങള്‍ തീരുമാനിച്ചു.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലെ കോവിഡ് പ്രതിരോധം അമ്പേ പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രസിഡന്റ് വിഡ്ഢിയാണെന്നും രാജിവെച്ച് പുറത്തുപോകാനുമാണ് ബ്രസീലിയന്‍ സിറ്റി മേയര്‍ ആര്‍ജര്‍ വിര്‍ജിലിയോ നെതോ കഴിഞ്ഞ ദിവസം പറഞ്ഞത്.
അതേസമയം ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ കൂടുതലാണ് ബ്രസീലിലെ യഥാര്‍ഥ കോവിഡ് മരണങ്ങളെന്ന ആശങ്കയും വ്യാപകമാണ്. രാജ്യത്ത് കോവിഡ് പരിശോധനകള്‍ കുറവാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നിട്ടും 21 കോടിയോളം ജനസംഖ്യയുള്ള ബ്രസീലില്‍ 3.91 ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments