Latest News

അവഗണിച്ചതോടെ ആഫ്രിക്കയിൽ പടർന്ന് പിടിച്ച് എംപോക്സ്: കൊവിഡിന് ശേഷം അടുത്ത ആഗോളമഹാമാരിയായേക്കുമെന്ന് സൂചന

ജൊഹന്നാസ്ബർഗ്: കോവിഡ് വരുത്തിവച്ച നഷ്ടങ്ങളുടെ കണക്കുകളിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ലോകത്തേക്ക് അടുത്ത ആഗോളമഹാമാരിയായി മങ്കിപോക്സ് അഥവാ എംപോക്സ് രോഗം മാറുമെന്ന് സൂചന. നിലവിൽ ആഫ്രിക്കയിൽ രോഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്ഥാനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.

കുരങ്ങന്മാരിൽ 1958ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 1970-ൽ മനുഷ്യരിലും കണ്ടെത്തി. പിന്നീട് ദശാബ്ദങ്ങളോളം ശാസ്ത്ര-പൊതു ആരോഗ്യ സമൂഹങ്ങൾ ഇതിനെ വലിയ തോതിൽ അവഗണിച്ചു, ഉഷ്ണമേഖലാ ആഫ്രിക്കയിലെ വിദൂര ഗ്രാമപ്രദേശങ്ങളിൽ പ്രസക്തിയില്ലാതെ ഒരു അസാധാരണ അണുബാധയായി എംപോക്സ് കണക്കാക്കപ്പെട്ടു.

2022-ൽ വികസിത രാജ്യങ്ങളിൽ വൻതോതിലുള്ള എംപോക്സ് വ്യാപനമുണ്ടായപ്പോൾ വലിയ ഗവേഷണങ്ങളും ശാസ്ത്രീയ പഠനങ്ങളും നടന്നു. എംപോക്സ് രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും രോഗവ്യാപനം തടയുന്നതിനും ആഗോളതലത്തിൽ നിക്ഷേപം വർദ്ധിപ്പിക്കണമെന്ന് ആഫ്രിക്കൻ ഗവേഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടു. നിലവിൽ ആഫ്രിക്കയിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

മറ്റ് രാജ്യങ്ങളിലെ പൊതുജനാരോഗ്യത്തെ അപകടത്തിലാകുമോ എന്ന ആശങ്ക ഉയരുകയാണ്. ലോകത്തിന്റെ ഒരു കോണിൽ പൊട്ടിപ്പുറപ്പെടുന്ന ഇത്തരം സാംക്രമിക രോഗങ്ങളെ ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കണക്കാക്കിയാൽ പോര എന്നതിൻ്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണ് എംപോക്സിൻ്റെ സമീപകാല ചരിത്രം. കാരണം ഇത്തരം രോഗങ്ങൾ അതിവേഗം പടർന്നുപിടിക്കും.

കേരളത്തിലും ജാഗ്രത

ഇന്ത്യയിൽ ആദ്യമായി, 2022 ജൂലൈ 14നു കേരളത്തിലും എംപോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുള്ള പുരുഷനാണു രോഗലക്ഷണം കണ്ടെത്തിയത്. ഇദ്ദേഹം രോഗമുക്തനായെങ്കിലും സംസ്ഥാനത്ത് രോഗം വീണ്ടും കണ്ടെത്താനുള്ള സാധ്യത ഒഴിവാകുന്നില്ല. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നതാണു കാരണം. യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ലക്ഷണങ്ങൾ:

പനി, ശരീരമാകെ തടിച്ച പാടുകൾ, പേശീവേദന. 20 ദിവസത്തിനകം രോഗം ശമിക്കും. ഇതര രോഗങ്ങൾ ഉള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിൽ വൈറസ് മാരകമായേക്കാം. ചർമത്തിലെ അണുബാധ, കാഴ്ചക്കുറവ്, ന്യുമോണിയ എന്നിവയ്ക്കും എംപോക്സ് കാരണമാകാറുണ്ട്.

പ്രതിരോധം:

വസൂരി വാക്സീൻ എംപോക്സിനെ പ്രതിരോധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. 1970 കളിൽ വസൂരി വാക്സിനേഷൻ നിർത്തലാക്കിയിരുന്നു. അക്കാലത്ത് വാക്സീൻ എടുത്തവർക്കു മാത്രമേ രോഗം പ്രതിരോധിക്കാനുള്ള ശേഷിയുള്ളൂ. രോഗം പടരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ വസൂരി വാക്സീൻ നൽകി രോഗത്തെ ചെറുക്കാനാണു ലോകാരോഗ്യ സംഘടനയുടെ ശ്രമം.

പല രാജ്യങ്ങളിലും മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അവലോകന യോഗം നടത്തി. ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുതായി മങ്കിപോക്സ് കേസുകൾ രാജ്യത്ത് ഇല്ലെന്ന് സ്ഥിരീകരിച്ചു. വിമാനത്താവളങ്ങളിൽ ജാഗ്രത തുടരാനും ആശുപത്രികളും ലാബുകളും സജ്ജമാക്കാനും തീരുമാനിച്ചു. 2022 മുതൽ ഇതുവരെ ഇന്ത്യയിൽ ആകെ 30 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button