ന്യൂഡൽഹി: രാജ്യത്തെ കോടതികൾ തുറക്കണമെന്ന് ശക്തമായ ആവശ്യവുമായി ബാർ കൗൺസിൽ രംഗത്ത്. എല്ലാ കോടതികളും ജൂൺ ഒന്ന് മുതൽ തുറക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് കത്തയച്ചു.
അഭിഭാഷകർ വൻ പ്രതിസന്ധിയിലാണ്. വെർച്വൽ കോടതികൾ തുറന്ന കോടതികൾക്ക് പകരമാകില്ല. കൊവിഡ് ഭീഷണി ഉടൻ ഒഴിയില്ലെന്നും, കർശന സുരക്ഷാ സംവിധാനങ്ങളോടെ കോടതി നടപടികൾ തുടങ്ങണമെന്നും ബാർ കൗൺസിലിന്റെ കത്തിൽ ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലെ ബാർ കൗൺസിലുകളുമായും ബാർ അസോസിയേഷനുകളുമായും ചർച്ച ചെയ്തതിന് ശേഷമാണ് കത്തെഴുതിയിരിക്കുന്നതെന്ന് മിശ്ര പറയുന്നു. വെർച്വൽ കോടതി ഹിയറിംഗിനെക്കുറിച്ചുള്ള അഭിഭാഷകരുടെ നിലപാടും അദ്ദേഹം ചീഫ് ജസ്റ്റിസിനുള്ള കത്തിൽ വ്യക്തമാക്കി. ഇന്നലെത്തെ തിയതിയിലാണ് കത്തെഴുതിയിരിക്കുന്നത്.
ഈ വിഷയത്തിൽ കഴിഞ്ഞ മാസം 28നും മിശ്ര ബോബ്‌ഡെയുമായി ആശയവിനിമയം നടത്തിയിരുന്നു. അദ്ദേഹം ലോക്ക് ഡൗൺ ഇളവ് വന്നാൽ വെർച്വൽ ഹിയറിംഗ് പിൻവലിക്കാൻ ബോബ്‌ഡെയോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് ലോക്ക് ഡൗണിനിടയിലുള്ള കുറച്ച് സമയത്തെ ആവശ്യം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കുറച്ച് അഭിഭാഷകർക്ക് മാത്രമേ ഇത്തരത്തിൽ കേസുകൾ വാദിക്കാൻ സാധിക്കുകയുള്ളൂ. 95 ശതമാനം അഭിഭാഷകർക്കും ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അവർക്ക് ജോലി ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതികളും മറ്റ് കീഴ്‌കോടതികളും നിശ്ചിത വ്യവസ്ഥയ്ക്കുള്ളിൽ തുറന്നുപ്രവർത്തിക്കണമെന്നും അത്യാവശ്യമുള്ള കേസുകൾ മാത്രം വെർച്വലായി പരിഗണിക്കണമെന്നും മിശ്ര ആവശ്യപ്പെടുന്നു.
Post Your Comments