കോട്ടയം : കോവിഡ് വ്യാപനത്തെ തുടർന്ന് എംജി സർവകലാശാല മാറ്റിവെച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനരാരംഭിക്കുന്ന തീയതി തീരുമാനിച്ചു. ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ആറ് തീയതികളിലായി പരീക്ഷകൾ പൂർത്തീകരിക്കാൻ വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി. ജൂണ്‍ ഒന്നിന് പരീക്ഷ ആരംഭിക്കുന്നതിനാൽ കോളജുകൾ പരീക്ഷ നടത്തിപ്പിനാവശ്യമായ തയാറെടുപ്പുകൾ അടിയന്തരമായി നടത്തണമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. ഇതിനായി കോളജുകൾക്ക് കർശന നിർദേശം നൽകും.
ലോക്ക്ഡൗണിനെ തുടർന്ന് മറ്റു ജില്ലകളിൽ അകപ്പെട്ട വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിന് രജിസ്ട്രേഷൻ പൂർത്തീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. ജൂണ്‍ എട്ട്, ഒന്‍പത്, 10 തീയതികളിൽ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കോളജുകളിലും . പ്രൊജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളിലും പൂർത്തീകരിക്കും. പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇത്തവണ എക്സ്റ്റേണൽ എക്സാമിനർമാരെ നിയമിക്കില്ല. അതത് കോളജിലെ അധ്യാപകർക്കാണ് ചുമതല. ജൂണ്‍ 12ന് പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് സർവകലാശാലയ്ക്കു നൽകണം. ജൂണ്‍ 11 മുതൽ ഹോംവാല്യുവേഷൻ രീതിയിൽ മൂല്യനിർണയം നടക്കും.
ഈ വർഷം രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം അതതു കോളജുകളിൽ നടത്താൻ തീരുമാനിച്ചു. കോളജിലെ മുതിർന്ന അധ്യാപകനെ പരീക്ഷ ചീഫായി നിയോഗിക്കും. അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷകൾ ജൂണ്‍ എട്ട്, ഒന്‍പത്, 10, 11, 12 തീയതികളിലായി നടക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂണ്‍ 15ന് ആരംഭിക്കും.
Post Your Comments