അഞ്ചൽ: കൊല്ലം അഞ്ചലിൽ കിടപ്പു മുറിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര (25) കുടുംബ വീട്ടിലെ മുറിയിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലാണ് സംശയങ്ങളുയർന്നത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ കണ്ടെത്തി. പാമ്പ് പിടുത്തക്കാരും സൂരജിന്റെ ചില സഹായികളും നിരീക്ഷണത്തിലാണ്.
തുറന്നിട്ട ജനാലയിൽ കൂടി കയറിയ മൂർഖൻ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാൻ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പിൽനിന്ന് പാമ്പിന് എത്ര ഉയരാൻ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തിൽ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.
ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഉത്ര ഉണർന്നില്ല. അതിന്റെ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്. റിപ്പോർട്ട് കിട്ടാൻ വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഉടൻ കൃത്യമായ നിഗമനത്തിൽ എത്താനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ALSO READ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ
മാർച്ച് 2നു സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു കഴിഞ്ഞ 7നു സ്വന്തം വീട്ടിൽ വീണ്ടും പാമ്പ് കടിയേൽക്കുന്നത്. 2 പ്രാവശ്യവും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. ഉത്രയുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കർ. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ നഷ്ടമായതായി രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments