ക്വാലാലംപൂര്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് അനുകൂലമായും ഇന്ത്യക്കെതിരായും നിലപാട് എടുത്തതിനെ തുടർന്ന് അകൽച്ചയിലായ മലേഷ്യ ഇന്ത്യയുമായി വീണ്ടും അടുക്കുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുവെന്നായിരുന്നു നേരത്തെ മലേഷ്യയുടെ നിലപാട്. കശ്മീര്‍ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മലേഷ്യന്‍ പ്രധാമന്ത്രി മഹാതീര്‍ മുഹമ്മദ് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. തുടര്‍ന്ന് മലേഷ്യയുമായുള്ള വ്യാപാര ഇടപാടുകള്‍ ഇന്ത്യ കുറച്ചിരുന്നു.
എന്നാല്‍ മഹാതീര്‍ മുഹമ്മദ് ഒഴിയുകയും മാര്‍ച്ച് അവസാനത്തോടെ പുതിയ സര്‍ക്കാര്‍ മലേഷ്യയില്‍ അധികാരത്തിലെത്തുകയും ചെയ്തതോടെയാണ് ഇന്ത്യയുമായി വീണ്ടും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍. എന്നാല്‍ വിഷയത്തില്‍ ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. മലേഷ്യന്‍ വാണിജ്യ മന്ത്രി മുഹമ്മദ് ഖൈറുദ്ദീന്‍ അമാന്‍ റസാലി ഉടന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. മലേഷ്യന്‍ പാമോയിലിന് നിലവില്‍ വില കുറഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് നേട്ടമാണ്.
അതേസമയം, ഇന്ത്യയിലെ പാമോയില്‍ വ്യവസായം ശക്തിപ്പെടുത്താന്‍ മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കണമെന്ന് ചില വ്യവസായികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാന്‍ മലേഷ്യ തീരുമാനിച്ചു. മലേഷ്യയില്‍ നിന്ന് രണ്ട് ലക്ഷം ടണ്‍ പാമോയില്‍ ഇന്ത്യയിലേക്ക് ഇറക്കുകയും ചെയ്യും. ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം മലേഷ്യയാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഈ ഇടപാടുകള്‍ നടക്കുമെന്ന് വ്യാപാരികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments