കുവൈറ്റ് സിറ്റി : 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് വ്യാഴാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. ആറു പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 88ഉം, രോഗം സ്ഥിരീകരിച്ചരുടെ എണ്ണം 11975ഉം ആയതായി അധികൃതർ അറിയിച്ചു. 188 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 3451 ആയി ഉയർന്നു. 8436 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 2,31930 പേരാണ് ഇപ്പോൾ കോവിഡ് നിരീക്ഷണത്തിലുളളത്. ഫർവാനിയ ഗവർണറേറ്റിൽ 347, ജഹ്റ ഗവർണറേറ്റിൽ 118, അഹ്മദി ഗവർണറേറ്റിൽ 171, ഹവല്ലി ഗവർണറേറ്റിൽ 189, കാപിറ്റൽ ഗവർണറേറ്റിൽ 122 എന്നിങ്ങനെയാണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം
സൗദിയിൽ 10 പ്രവാസികൾ കൂടി വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. വിവിധ രോഗങ്ങൾ അലട്ടിയിരുന്ന . 43നും 90നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. മക്ക, ജിദ്ദ എന്നിവിടങ്ങളിൽ നാലുപേർ വീതവും, ഒരോ ആൾ വീതം റിയാദ്, യാംബു എന്നിവിടങ്ങളിലുമാണ് മരിച്ചത്. യാംബുവിൽ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്. 2039 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവർ 283ഉം, രോഗം സ്ഥിരീകരിച്ചവർ 46869ഉം ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 19,051ആയി ഉയർന്നു. നിലവിൽ 27535 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ 156 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
Also read : കോവിഡ്: മരണസംഖ്യ മൂന്നു ലക്ഷം കടന്നു
യുഎഇയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. പുതുതായി 698 പേര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,084ഉം, മരിച്ചവരുടെ എണ്ണം 208ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 407പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 6930ആയി ഉയർന്നു. 24 മണിക്കൂറിനിടെ 37,000ല്‍ അധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 1733 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും കൂടിയ കണക്കാണിത്. 4811 പേരില്‍ രോഗ പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,272 ആയി. 213 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 3356 ആയി ഉയർന്നു.
ഒരു പ്രവാസി കൂടി ഒമാനിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മരണപ്പെട്ടു. 31 വയസുള്ള ഒരു വിദേശിയാണ് മരിച്ചതെന്നും ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 18 ആയെന്നും ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറ് ഒമാൻ സ്വദേശികളും, ഒരു മലയാളി ഉൾപ്പെടെ 12 വിദേശികളുമാണ് ഒമാനിൽ ഇതുവരെ മരിച്ചത്. അതേസമയം വ്യാഴാഴ്ച്ച 322 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 242 വിദേശികളും 80 പേർ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 4341ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 1303ആയി ഉയർന്നു. 96 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 31പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളതെന്നും, ഇതുവരെ 61000 കൊവിഡ് 19 പരിശോധനകളാണ് നടത്തിയതെന്നും ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് മുഹമ്മദ് അൽ സൈദി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Post Your Comments