മസ്‌ക്കറ്റ് : ഒമാനിൽ 143 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ 101 പേര്‍ വിദേശികളും 42പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2274ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. 364 പേര്‍ക്ക് രോഗ വിമുക്തി നേടി. രാജ്യത്ത് ആകെ 10പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഒരു ഇന്ത്യക്കാരൻ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 61കാരനാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ മരിച്ചവരുടെ എണ്ണം 23ലെത്തി, ഇവരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്. പുതുതായി 152 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 64പേർ ഇന്ത്യക്കാരാണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 3440 ആയി ഉയർന്നു. ഇവരില്‍ 1682പേര്‍ ഇന്ത്യക്കാരാണ്. 164 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1176ലെത്തി.
സൗദിയിൽ അഞ്ചു പ്രവാസികൾ കൂടി ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലും മക്കയിലുമായി 25നും 50നുമിടയിൽ പ്രായമുള്ള അഞ്ചു പേരാണ് മരിച്ചതെന്നും, രാജ്യത്ത് കോവിഡ് മരിച്ചവരുടെ എണ്ണം 157ലെത്തി. പുതുതായി 1325 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണെന്നും രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 21402 ആയെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 169 പേർ പുതുതായി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ മൊത്തം എണ്ണം 2953 ആയി. ചികിത്സയിലുള്ള 18292 പേരിൽ 125 ആളുകൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. രോഗികളെ കണ്ടെത്തുവാൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി ആരംഭിച്ച ഫീൽഡ് സർവേ 14 ദിവസം പിന്നിട്ടു. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘങ്ങൾ വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.
ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം 12000പിന്നിട്ടു. 2,808 പേരില്‍ നടത്തിയ പരിശോധനയിൽ 643 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 12,564 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 109 പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 1,243ലെത്തി. രാജ്യത്ത് ആകെ 10പേർ കോവിഡ് ബാധിച്ച് മരിച്ചു. 11,311 പേരാണ് ചികിത്സയിലുള്ളതെന്നും, രാജ്യത്ത് 91,415 പേര്‍ കോവിഡ് പരിശോധനക്ക് വിധേയമായതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അത്യാവശ്യമില്ലാതെ പുറത്ത് ഇറങ്ങരുതെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി ജനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
Post Your Comments