സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ ആയിരിക്കുമ്പോഴും പെരിയ കേസ് അഭിഭാഷകർക്ക് പണം അനുവദിച്ച നടപടിയിൽ വിമർശനവുമായി വി. മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കേരളമെന്ന കുടുംബത്തിന്റെ നാഥന് “പെരിയ കേസ്” നടത്താൻ മുന്തിയ വക്കീലിനെയിറക്കാൻ കാശുണ്ട്. മന്ത്രിമാരുടെയും ഉപദേശകരുടെയും ആഢംബര ജീവിതത്തിനും മാറ്റമില്ല. പക്ഷേ, സർക്കാർ ജീവനക്കാരായ കുടുംബാംഗങ്ങൾ ചെലവ് ചുരുക്കലിന് വേണ്ടി ഒരു നേരം പട്ടിണി കിടക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
കേരളമെന്ന കുടുംബത്തിന്റെ നാഥന് “പെരിയ കേസ്” നടത്താൻ മുന്തിയ വക്കീലിനെയിറക്കാൻ കാശുണ്ട്. മന്ത്രിമാരുടെയും ഉപദേശകരുടെയും ആഢംബര ജീവിതത്തിനും മാറ്റമില്ല. പക്ഷേ, സർക്കാർ ജീവനക്കാരായ കുടുംബാംഗങ്ങൾ ചെലവ് ചുരുക്കലിന് വേണ്ടി ഒരു നേരം പട്ടിണി കിടക്കണം! സർക്കാർ ജീവനക്കാരിൽ നിന്ന് ശമ്പളം പിടിച്ചു വാങ്ങാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തപ്പോൾ, അതാ വരുന്നു പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ…പേര്, സാലറി കട്ട് ഓർഡിനൻസ്. തൊഴിലെടുത്തതിനു ശമ്പളം നൽകാത്തത് ഭരണഘടനയുടെ തന്നെ ലംഘനമാണെന്ന് ഉപദേശകരാരും മുഖ്യമന്ത്രിക്ക് പറഞ്ഞു കൊടുത്തില്ലേയെന്തോ! ശമ്പളം ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണെന്നു ഹൈക്കോടതി പറഞ്ഞത് തോമസ് ഐസക് കേട്ട മട്ടുമില്ല.
ഹൈക്കോടതി സ്‌റ്റേ മറികടക്കാൻ,ദുരന്തനിവാരണ നിയമ പ്രകാരമാണ് ഓർഡിനൻസ്. ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും, എന്ന് തിരിച്ചു നൽകുമെന്ന് ആറ് മാസത്തിനകം പറഞ്ഞാൽ മതിയെന്നുമാണ് തീരുമാനം.
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസുകളെ ഉള്ളടക്കമെന്തെന്ന് പോലും നോക്കാതെ കണ്ണടച്ചെതിർക്കുന്ന ഇടതുപക്ഷമാണ് , കോടതി വരെ ശരിയായ നടപടിയല്ല എന്ന് പറഞ്ഞ കാര്യത്തിൽ ഇന്ന് ഓർഡിനൻസിനെ ന്യായീകരിക്കുന്നത്.
ഹൈക്കോടതി സ്റ്റേയെ മാനിക്കുന്നു എന്ന് പറഞ്ഞവർ ഇരുട്ടി വെളുത്തപ്പോഴേക്കും ഇരട്ടത്താപ്പുമായി ഇറങ്ങിക്കഴിഞ്ഞു. ഭരണഘടനയെയും കോടതിയെയും വെല്ലുവിളിക്കുകയല്ലേ സംസ്ഥാന സർക്കാർ? ശമ്പളചലഞ്ചിന് പകരം കൊവിഡ് സഹായ നിധിയിലേക്ക് ഓരോരുത്തർക്കും കഴിയുന്നത്ര തുക തരാൻ അനുവദിച്ചിരുന്നെങ്കിൽ സർക്കാർ ജീവനക്കാർക്ക് ഇങ്ങനെ കോടതി കയറേണ്ടി വരുമായിരുന്നോ? ഇതിപ്പോൾ എങ്ങോട്ട് നിക്ഷേപിക്കുമെന്നോ , എന്തിന് ചെലവാക്കുമെന്നോ വ്യക്തതയില്ലാത്ത ഓർഡിനൻസു വഴി ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിക്കുകയാണെന്ന് പറയുന്നവരെ എങ്ങനെ കുറ്റം പറയാനാകും? എന്തായാലും, കൊവിഡിനെക്കാൾ കടുത്തു പോയി ഈ തീരുമാനം!
Post Your Comments