കൊയിലാണ്ടി : ലോക്ഡൗണില്‍ വധുവായ മകളെയും കൂട്ടി കതിര്‍മണ്ഡപത്തിങ്കലേക്കുള്ള യാത്രയില്‍, പാതിവഴിയില്‍ വച്ച് മകളുടെ കല്ല്യാണം എന്ന സ്വപ്‌നം ബാക്കിയാക്കി വൈക്കം ഉദയനാപുരം വാതുക്കോടത്തില്ലത്ത് വി.എസ്.പരമേശ്വരന്‍ മൂത്തത് (62) മടങ്ങി. ഇന്നു നടക്കേണ്ട മകളുടെ വിവാഹത്തിനായി മകള്‍ക്കും മകനുമൊപ്പം വടകരയിലേക്കു കാറില്‍ പോകുമ്പോളായിരുന്നു പരമേശ്വരന്‍ കുഴഞ്ഞു വീണത് തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദയനാപുരം, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവ, പൂജാ കാര്യങ്ങളില്‍ നിറസാന്നിധ്യമായിരുന്നു പരമേശ്വരന്‍ മൂത്തത്.
പരമേശ്വരന്‍ മൂത്തതിന്റെ മകള്‍ കാര്‍ത്തികയും വടകര ഓര്‍ക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മകന്‍ കൃഷ്ണദേവും തമ്മിലുള്ള വിവാഹം ഇന്നാണു നടക്കേണ്ടിയിരുന്നത്. ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങ് വരന്റെ വീട്ടില്‍ വച്ച് ലളിതമായി നടത്താനാണ് തീരുമാനിച്ചിരുന്നത്. ആളെണ്ണത്തിനു പരിധിയുള്ളതിനാല്‍ വധുവിനെയും കൂട്ടി പരമേശ്വരന്‍ മൂത്തതും മകന്‍ കണ്ണനും ഡ്രൈവറും മാത്രമായി യാത്രാ നിബന്ധനകളെല്ലാം പാലിച്ച് വൈക്കത്ത് നിന്ന് ഇന്നലെ രാവിലെ യാത്ര പുറപ്പെട്ടു.
തുടര്‍ന്ന് വൈകിട്ട് നാലിന്, 15 കിലോമീറ്റര്‍ ഇപ്പുറം പയ്യോളിയില്‍ വച്ച് ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകിട്ടോടെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോയി. ആംബുലന്‍സില്‍ വരന്റെ പിതാവ് തിരിച്ചുള്ള യാത്രയില്‍ ആ മക്കള്‍ക്കൊപ്പം ചേര്‍ന്നു. ഭാര്യ പരേതയായ ജലജ.
Post Your Comments