കൊയിലാണ്ടി: കൊയിലാണ്ടിയിലെ സി.പി.എം പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്‌എസ് ആണെന്ന വ്യാജ പ്രചാരണം നടത്തി ഇടത് നേതാക്കൾ. കൊലയ്‌ക്ക് പിന്നില്‍ ആർഎസ്‌എസ് ആണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് എം. സ്വരാജ് പങ്കുവെച്ചിരുന്നു. പിന്നീട് ആ കുറിപ്പ് സ്വരാജ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. സ്വരാജിനെ കൂടാതെ, എംഎൽഎ വിജിൻ, മുൻ എംഎൽഎ പി.കെ ശശി തുടങ്ങിയവരും കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർഎസ്എസിന്റെ തലയിൽ ഇടാൻ തീവ്ര ശ്രമം നടത്തി. സ്വന്തം പാർട്ടിക്കാരൻ തന്നെ പ്രതിയതോടെ നേതാക്കൾ ഫേസ്ബുക്ക് പോസ്റ്റുകൾ മുക്കി കൈകഴുകി.
സഖാവ് പി.വി സത്യനാഥിനെ ആർഎസ്എസ് ക്രിമിനലുകൾ അമ്പലപ്പറമ്പിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നും സഖാക്കൾ പ്രതിഷേധിക്കണം എന്നുമായിരുന്നു എം. വിജിൻ എംഎൽഎയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. വർഗീയ പ്രത്യയശാസ്ത്രമാണ് ആർഎസ്എസിനെ നയിക്കുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു. ഒടുവിൽ വിവാദം കനത്തതോടെ പോസ്റ്റ് തിരുത്തുകയായിരുന്നു വിജിൻ. വിജിന്റെ പോസ്റ്റിലെ അതേ വരികളാണ് പി.കെ ശശിയും പങ്കുവച്ചത്. ആർഎസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇരയാണ് സത്യനാഥനെന്ന് എം. സ്വരാജും പോസ്റ്റിട്ടു.
കേസിൽ മുൻ സിപിഎം പ്രവർത്തകൻ അറസ്റ്റിലാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്തതോടെ വെട്ടിലായ നേതാക്കൾ പിന്നീട് സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റുകൾ നീക്കം ചെയ്തു. സ്വരാജിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി രംഗത്തെത്തിയിരുന്നു. മലയാളികളെ സത്യാനന്തര കാലം പഠിപ്പിക്കുന്ന വലിയ പുള്ളിയാണ്. വാഹനത്തില്‍ മൈക്ക് കെട്ടി വ്യാജ വാർത്ത പ്രചരിപ്പിച്ച് നാദാപുരത്ത് 1988ല്‍ ഒമ്പത് മുസ്ലിങ്ങളുടെ ജീവൻ എടുത്തു. സത്യാനന്തര കാലത്ത് അത് ഫേസ്ബുക്ക് വഴി എന്നേയുള്ളൂ.. പക്ഷെ, ഒത്തില്ല എന്നായിരുന്നു സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം, സിപിഐഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ കലാശിച്ചത് വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തത് അഭിലാഷിനെ കൃത്യത്തിന് പ്രേരിപ്പിച്ചെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥൻ എതിർത്തിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.
Post Your Comments