തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കകം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ക്വാറന്റൈന്‍ ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ക്വാറന്റൈന്‍ ലംഘിക്കുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി സ്വന്തം ചെലവില്‍ നിരീക്ഷണത്തിലാക്കാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ളത്.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരും ഐസൊലേഷനില്‍ കഴിയുന്നവരും ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിലാകും. ക്വാറന്റൈന്‍ ലംഘിക്കുന്നവരില്‍ നിന്നും 500 രൂപയ്ക്ക് മുകളില്‍ പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ സ്വന്തം ചെലവില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും. അവിടെ 14 ദിവസം കഴിയണം. വിദേശത്തു നിന്ന് വരുന്നവര്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ടീമുകളെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.
Post Your Comments