തിരുവനന്തപുരം: കേരളത്തിലേത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണെന്നും സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും വ്യക്തമാക്കി ഐഎംഎ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിള്ളലുണ്ടെന്നും ഐഎംഎ കൂട്ടിച്ചേർത്തു. ആഴ്ചയിൽ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും തുറക്കണമെന്നും വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ചില ദിവസങ്ങളില്‍ മാത്രം സ്ഥാപനങ്ങൾ തുറക്കുമ്പോള്‍ അവിടങ്ങളിലേക്ക് എത്തുന്ന ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് ഐഎംഎ വ്യക്തമാക്കി. നിലവിലെ അശാസ്ത്രീയമായ സമയ ക്രമീകരണം കാരണം കുറച്ചു സമയം മാത്രം സ്ഥാപനങ്ങൾ തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന അവസ്ഥ സംജാതമാകുമെന്നും ഇതെല്ലാം രോഗവ്യാപനം കൂട്ടുമെന്നും ഐഎംഎ ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ ശാസ്ത്രീയമായി പുനക്രമീകരിക്കണമെന്നും ശരിയായ ബോധവല്‍ക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുക്കണമെന്നും ഐഎംഎ നിർദ്ദേശിച്ചു.
Post Your Comments