Latest NewsKeralaNews

അമ്മയുടെ മുല അരിഞ്ഞാൽ ആയുഷ്ക്കാലം പാൽ കുടിക്കാമെന്ന് വിചാരിക്കുന്നവരെ കൊറോണ ഒന്ന് സൗമ്യമാക്കിയിട്ടുണ്ടെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

അമ്മയുടെ മുല അരിഞ്ഞാൽ ആയുഷ്ക്കാലം പാൽ കുടിക്കാമെന്ന് വിചാരിക്കുന്നവരെ കൊറോണ ഒന്ന് സൗമ്യമാക്കിയിട്ടുണ്ടെന്ന് കഥാകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ഈ കൊറോണക്കാലം എന്ത് കൊണ്ട് മനുഷ്യനെ മാത്രം ഉന്നം വെച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കുന്നത്. രോഗ പ്രതിരോധത്തെ യുദ്ധത്തിന്റെ മെറ്റഫറിലാണ് ഇപ്പോഴും ആഗോള മനുഷ്യൻ എടുത്തിരിക്കുന്നത്. എല്ലാ വിജയങ്ങളും ആയുധത്തിന്റെ വിജയമാണെന്ന് കരുതിയ മണ്ടനായ ഒരു ഭരണാധികാരി അമേരിക്കയെ നശിപ്പിച്ചതിൽ നിന്ന് പോലും നാം എന്തെങ്കിലും പഠിക്കുമെന്ന് തോന്നുന്നില്ല. പ്രകൃതിയിൽ ചതുരമില്ല.പരിപൂർണ്ണതയില്ല.അതിനായി മോഹമില്ല. പരിപൂർണത എന്ന സങ്കല്ലം മനുഷ്യരുടെ മാത്രം മനോരോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Read also: മാതൃകയായ പ്രവർത്തി; ദുരിതാശ്വാസ സംഭാവനയോടൊപ്പം യുവാക്കൾക്ക് തൊഴിലും വാഗ്‌ദാനം ചെയ്‌ത്‌ നടൻ വിജയ് ദേവരകൊണ്ട

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഈ കൊറോണക്കാലം എന്ത് കൊണ്ട് മനുഷ്യനെ മാത്രം ഉന്നം വെച്ചു?
ഈ ചോദ്യത്തിലേക്ക് നമ്മുടെ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്.

രോഗ പ്രതിരോധത്തെ യുദ്ധത്തിന്റെ മെറ്റഫറിലാണ് ഇപ്പോഴും ആഗോള മനുഷ്യൻ എടുത്തിരിക്കുന്നത്. എല്ലാ വിജയങ്ങളും ആയുധത്തിന്റെ വിജയമാണെന്ന് കരുതിയ മണ്ടനായ ഒരു ഭരണാധികാരി അമേരിക്കയെ നശിപ്പിച്ചതിൽ നിന്ന് പോലും നാം എന്തെങ്കിലുംപഠിക്കുമെന്ന് തോന്നുന്നില്ല.

ഭൂമിയിൽ യാതൊന്നിനെയും മനുഷ്യേതര ജീവികൾ അപനിർമ്മിക്കുന്നതായി അറിയില്ല. ഭക്ഷണം പാർപ്പിടം സന്താനോല്പാദനം, ആൺ പെൺ ബന്ധം എന്നിവ പരിശോധിച്ചാൽ നമുക്കിത് അറിയാം. മനുഷ്യേതര സമൂഹം ഉപജീവിക്കുക മാത്രമേ ചെയ്യുന്നു ളളൂ ;അപനിർമ്മിക്കുന്നേയില്ല. അപനിർമ്മിക്കുന്ന ഏക ജീവി മനുഷ്യനാണ്.പ്രകൃതിദത്തമായി രൂപം കൊണ്ട മാളത്തിൽ പാമ്പ് അധിവസിക്കുന്നു. ചില ഉരഗങ്ങൾ അത് ഉപനിർമ്മിച്ചേക്കാം എന്ന് മാത്രം.
സ്വയമേവ രൂപപ്പെട്ട നാരിൽ നിന്ന് കിളികൾ കൂടുണ്ടാക്കുന്നു.

എന്നാൽ മനുഷ്യൻ വീടുണ്ടാക്കുന്നത് അപനിർമ്മിച്ചു കൊണ്ടാണ്.
(സിവിലൈസേഷന്റെ ഭാഗം)
കൃഷിയിൽ പോലും അപനിർമ്മാണം വന്നു. കൃത്യമായ ചതുര നിർമിതി മനുഷ്യഅപനിർമ്മിതിയുടെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ്.
വേവിച്ചു തിന്നുന്ന പതിവ് ചിമ്പാൻസി ക്ക് പോലുമില്ല.( വേവിക്കാതെ തിന്നണമെന്നല്ല ഇതിനർത്ഥം! അത്തരമൊരു തിരിച്ച് പോക്ക് ഇനി അസാധ്യം)

പ്രകൃതിയിൽ ചതുരമില്ല.പരിപൂർണ്ണതയില്ല.അതിനായി മോഹമില്ല. പരിപൂർണത എന്ന സങ്കല്ലം മനുഷ്യരുടെ മാത്രം മനോരോഗമാണ്.
പരിപൂർണതയുടെ അന്വേഷണത്താൽ സ്വയം വേട്ടയാടപ്പെടുന്ന ഏക ജീവി മനുഷ്യൻ മാത്രമാണ്.

അധികാര വാസന തിരുക്കുകളിലുണ്ട്. എന്നാൽ ‘ചതുരവാസന’ മനുഷ്യന്റേത് മാത്രമാണ്. പ്രകൃതിയിലെവിടെയും പരിപൂർണതയുള്ള ഒരു വസ്തുവുമില്ലാത്തത് പോലെ ചതുരവുമില്ല. ചതുരം മനുഷ്യവക്രതയുടെ ഉല്പന്നം മാത്രമാണ്..ചതുരവും അധികാരഘടനയും പിടിച്ചടക്കലിന്റെയും പിടിച്ചെടുക്കലിന്റെയും വാസ്തുഭ്രമമാണു്. ജ യി ലെ സെല്ലും വീട്ടിലെ മുറിയും എത്രമേൽ ചതുര സമാനമായിട്ടാണിരിക്കുന്നതെന്ന് നോക്കൂ. പലപ്പോഴും അത് എത്രമേൽ അനുഭവ സമാനവുമാണ്.!

പ്രകൃതിക്ക് മേലുള്ള കൈയേറ്റങ്ങളുടെ പ്രതിരോധമായിട്ടാണ് കൊവിഡ് കാലത്തെ വായിച്ചെടുക്കേണ്ടത്.

അതിവ്യയം കൊണ്ടും തിന്മ യുടെ ആരാധകരായ ഭരണാധികാരികളുടെ വർധനവിനാലും ,
പ്രകൃതി എന്തെന്ന് പോലുമറിയാനാഗ്രഹിക്കാത്ത ഇത്തരം പല തരം അധികാര ദുഷ്ടമൂർത്തികളാലും ലോകം നിറയപ്പെട്ടിരിക്കുന്നു.
എല്ലാവരുടെ കൈയിലും അപനിർമ്മിക്കാനുള്ള മാരകായുധങ്ങൾ മാത്രം. ദൈവത്തിനു പോലും ഈ അപനിർമ്മാണ ഹിംസയിൽ നിന്ന് മുക്തിയില്ല!സ്വർഗ്ഗസങ്കല്പത്തിൽ പോലും അപനിർമ്മാണ ജീവിതങ്ങൾ മാത്രം! എന്തൊരു ഫലിതബിന്ദു !!

പ്രകൃതിയോട് യുദ്ധം ചെയ്യാൻ മിസൈൽ ഉപകരിക്കില്ല എന്ന് നമുക്കിപ്പോൾ മനസ്സിലായിട്ടുണ്ട്. വൈറസ് പ്രകൃതിയുടെ ഭാഗമാണെന്ന് നാം സമ്മതിച്ചിട്ടുണ്ട്.
ധാർഷ്യം കൊണ്ടുമാവില്ല ഇവനെ തടുക്കാൻ

(അതെ, ശ്രദ്ധിച്ചിട്ടുണ്ടോ,രോഗനിയന്ത്രണത്തിന് നാം ഉപയോഗിക്കുന്ന വാർത്താപദാവലികൾ .
ഇതിൽ മിക്കതും യുദ്ധ പരിസരത്തുള്ളതാണെന്നത് യാദൃച്ഛികമല്ല: ചില ഉദാഹരണങ്ങൾ നോക്കൂ: തടുക്കുക. ആക്രമണം ,പ്രതിരോധം, പ്രതിരോധശേഷി, യുദ്ധസമാനമായ അന്തരീക്ഷം, വൈറസിനോടുള്ള പോരാട്ടം, കീഴടക്കും, പിടിച്ച് കെട്ടും.. ). ഇത്രയും കോമാളികളായ ലില്ലിപുട്ടുകളുള്ള ജീവി വേറെ ഉണ്ടോ?

നിരാലംബരായ മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ മേൽ നാം അപനിർമ്മിതിയുടെ ഉത്സവം ആഘോഷിക്കുന്നു. ലോകത്തെമ്പാടുമുള്ള കോർപറേറ്റ് ആർത്തിപ്പണ്ടാരങ്ങളാൽ. ലാഭക്കൊതിയുടെ മാലിന്യങ്ങൾ ഡിസൈനിങ്ങ് ഭംഗികൊണ്ട് അവർ നമ്മുടെ കാഴ്ച്ചയെ അപനിർമ്മിച്ചന്ധമാക്കുന്നു)

അപനിർമ്മാണത്തിന്റെ അഹന്തയ്ക്കും അതിന്റെ അമിതവൽക്കരണത്തിനും എതിരെയുള്ള പ്രകൃതി ഭാഷ മാത്രമാണ് കൊറോണ .

നിങ്ങൾക്ക് രോഹിങ്ക്യൻ അഭയാർത്ഥികളാട് അത് ചെയ്യാം, തുർക്കിയിലെ ഗായികയോടത് ചെയ്യാം, കത്വവ യിലെ പെൺകുഞ്ഞിനോടത് ചെയ്യാം, കാശ്മീരിലെ മനുഷ്യരോടത് ചെയ്യാം, പാക്കിസ്ഥാനിലെ നിരാലംബയായ കൃസ്ത്യൻ കുടുംബിനിയോടത് ചെയ്യാം,ആമസോൺ കാടിനോടത് ചെയ്യാം, ഗംഗയോടും ഹിമാലയത്തോടും അത് ചെയ്യാം, ഐ.എസ് വേഷമിട്ട് സിറിയയിലത് ചെയ്യാം, താലിബാൻ ബുദ്ധപ്രതിമ തകർക്കാം. ജലം, വായു,മണ്ണ് വ ഇവയൊക്കെ മലിനമാക്കാം.അധികാരം, മസിൽ പവർ .ബ്രെയിൻ വാഷ് ചെയ്യപ്പെട്ട ആൾക്കൂട്ടങ്ങളുടെ പിന്തുണ ,പണം, ചൊറിത്തവളയുടെ രൂപമുള്ള ന്യായാധിപന്മാർ – ഇത്രയും ധാരാളം. നീതിബോധത്താൽ ഉണർന്നിരിക്കുന്ന ഒരാൾക്കും ഒരു ചുക്കും ചെയ്യാനാവില്ല.
പക്ഷേ, ഈ വൈറസിനോട് നിങ്ങൾക്കെന്ത് ചെയ്യാനാവും?

പൂർണമായും പ്രകൃതിയിലേക്ക് മടങ്ങാനാവില്ല തന്നെ. എന്നാൽ മോഡറേറ്റ് ചെയ്യാനാവും. നിരാലംബരായ മനുഷ്യരെയും നിശ്ചല വിശ്രമത്തിലിരിക്കുന്ന പാറകളെയും ഒരേ വികാരത്തിന്മയോടെ വെട്ടിപ്പൊളിച്ചുള്ള ജീവിതത്തിൽ നിന്നും നമുക്ക് മടങ്ങാനാവുമോ?.(വികസന വിരുദ്ധർ – നാം ആസൂത്രണം ചെയ്ത് ഉണ്ടാക്കിയ ഒടുവിലത്തെ അശ്ലീല പദം ഇത് തന്നെയാവും.)
അതിന് മനുഷ്യവംശത്തിന് കുറച്ച് അടിസ്ഥാന ഗുണങ്ങൾ അത്യന്താപേക്ഷിതമാണ്. അവയിൽ ചിലത് :

1. അറിവിനോടും സത്യത്തോടും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത തരം ബഹുമാനം
2 പ്രകൃതി നിശ്ശബ്ദം പറയുന്നുണ്ട് ചിലത്. അത് കേൾക്കാനുള്ള വിനയം.
3 .വാക്കാലും പ്രവൃത്തിയാലും എന്തിനെയും കൊത്തിനുറുക്കാനുള്ള അറിവില്ലായ്മയുടെ പൈശാചികാരാധനയ്ക്ക് (Satanic worship) സമാനമായ രാഷ്ട്രീയ ജീവിതത്തിൽ നിന്നുള്ള ആത്മപരിശോധനാനന്ത രമുള്ള പിന്മടക്കം
4 .മനുഷ്യൻ ഈ ലോകത്തിന്റെ അധിപനാണെന്ന മൂഢസങ്കല്പത്തിൽ നിന്നുള്ള ഗതി മാറ്റം

അമ്മയുടെ മുല അരിഞ്ഞു കൊണ്ടു പോയാൽ ആയുഷ്ക്കാലം പാൽ കുടിക്കാമെന്ന് വിചാരിക്കുന്ന ഈ അപനിർമ്മാണ നരാധമന്മാരെ കൊറോണ ഒന്ന് സൗമ്യമാക്കിയിട്ടുണ്ട് എന്നത് വിലയേറിയ വാസ്തവമാണ്.
കാലിനടിയിൽക്കിടന്ന് ദീനമായി നിലവിളിക്കുന്ന ഇരയെ കൊറോണ നിസ്സംഗതയോടെ നോക്കുന്നുണ്ട്. ശ്രദ്ധിച്ചാലതറിയാം. നമ്മൾ കൊറോണയുടെ കാലിന്നടിയിൽപെട്ട് ഞെരുങ്ങുന്ന കൊറോണയ്ക്ക് മാത്രം സ്വന്തമായ ഈ ഏപ്രിൽ മാസത്തെ ഭാവം തീർച്ചയായും ഇങ്ങനെ തന്നെയാവും: ഈ കീചകനെ തീർത്തേക്കണോ വിരട്ടി വിടണോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button