ഹൈന്ദവ വിശ്വാസങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് നാളികേരം. ഗണപതിക്ക് നാളികേരം ഉടയ്ക്കുന്നത് പ്രധാനപ്പെട്ട വഴിപാടാണ്. ഇതിലൂടെ ഒരു വ്യക്തി ഭഗവാന് മുന്നിൽ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. പുറം ഭാഗത്തെ കാഠിന്യമേറിയ ചിരട്ട മനുഷ്യനിലെ അഹങ്കാരത്തിന്‍റേയും ചീത്ത മനോഭാവങ്ങളുടേയും പ്രതീകങ്ങളാണെന്നാണ് വിശ്വാസം. നാളികേരം ഉടയുമ്പോൾ ചിരട്ട പൊട്ടിത്തകരുന്നതു പോലെ അവ നശിക്കുന്നതായും വിശ്വസിക്കുന്നു. ഇതിലൂടെ ഞാൻ എന്ന ഭാവമാണ് ഇല്ലാതാകുന്നത്.
പൂജാവിധികളടക്കമുള്ള ശുഭ കാര്യങ്ങളിൽ നാളികേരത്തിന് പ്രഥമ സ്ഥാനമുണ്ട്. ഏതൊരു നല്ല കാര്യം ആരംഭിക്കുന്നതിനു മുൻപ് തേങ്ങയുടക്കുകയെന്നത് ഹൈന്ദവര്‍ക്കിടയിൽ സര്‍വ്വ സാധാരണമാണ്. ഇങ്ങനെ ഉടയുന്ന തേങ്ങയുടെ ലക്ഷണം നോക്കി ഗുണ ദോഷഫലങ്ങൾ നിര്‍ണയിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്.
നാളികേരം മനുഷ്യ ശരീരത്തിന് തുല്യമാണ് എന്നാണ് സങ്കൽപം. പുറമെയുള്ള നാരുകളോട് കൂടിയ ആവരണമായ ചകിരി, അതിനുള്ളിലെ കട്ടിയുള്ള ചിരട്ട, ചിരട്ടയ്ക്കും ഉള്ളിലായുള്ള മാംസളമായ മൃദു ഭാഗം, ഏറ്റവും ഉള്ളിൽ അമൃതായി കണക്കാക്കുന്ന ജലം എന്നിവയെല്ലാം മനുഷ്യ ശരീരത്തിന്‍റെ പ്രതിരൂപങ്ങളായാണ് കണക്കാക്കുന്നത്. നാളികേരത്തിന്‍റെ ചിരട്ട മായയായും, അകത്തെ കാമ്പ് സത്യമായുമാണ് വേദാന്തം വിഭാവനം ചെയ്യുന്നത്. അവ ഉടയുമ്പോൾ മായയെ മാറ്റി സത്യം കാണുന്നു. എന്നാണ് വിശ്വാസം.മൂന്ന് കണ്ണുകൾ ശിവന്‍റെ പ്രതീകമായും കണക്കാക്കുന്നുണ്ട്.
Post Your Comments