ഭോപ്പാല്‍: സ്‌ഥാനമേറ്റ് ഒരു മാസത്തിനു ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയ്‌ക്കു രൂപം നല്‍കി. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച രണ്ടുപേരടക്കം അഞ്ചുപേര്‍ രാജ്‌ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്‌ഞചെയ്‌തു. ലോക്ക്‌ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിനുശേഷം മന്ത്രിസഭ വികസിപ്പിച്ചേക്കും. നരോത്തം മിശ്ര, തുള്‍സി സിലാവത്ത്, കമല്‍ പട്ടേല്‍, ഗോവിന്ദ് സിങ് രജ്‌പുത്, മീന സിങ് എന്നിവരാണു മന്ത്രിസഭാംഗങ്ങള്‍.
തുള്‍സി സിലാവത്തും ഗോവിന്ദ് സിങ് രജ്‌പുത്തും കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്‌തരാണ്. മുന്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു ഇരുവരും. ഇവരടക്കം 18 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചതിനെത്തുടര്‍ന്നാണു കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. മാര്‍ച്ച് 23 ന് അധികാരമേറ്റ ചൗഹാന്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വൈകുന്നതു കോൺഗ്രസിന്റെ വിമര്‍ശനത്തിനു വഴിതെളിച്ചിരുന്നു.
കോവിഡ് 19 വ്യാപനം സംസ്‌ഥാനത്തു ഗുരുതരമായിട്ടും അവിടെ ആരോഗ്യമന്ത്രിപോലുമില്ല എന്നതായിരുന്നു കോൺഗ്രസ് ഉയർത്തിയ ഏറ്റവും വലിയ ആരോപണം. രാജ്യത്തെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍.
Post Your Comments