തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദം കത്തുമ്പോൾ സിപിഐക്കും ഡാറ്റാ കൈമാറ്റത്തിൽ അറിവുണ്ടായിരുന്നെന്ന് റിപ്പോർട്ട്. വിവാദ കരാറില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുന്നതിനു മുന്‍പു തന്നെ മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തൂവെന്നാണു വിവരം.
സര്‍ക്കാരിന്റെ ഭരണപരമായ കാര്യമാണെങ്കില്‍ പോലും നയപരമായി എടുക്കേണ്ട തീരുമാനമായതിനാല്‍ ഇക്കാര്യം ഇടതുമുന്നണി പരിശോധിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇക്കാര്യത്തില്‍ ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കെല്ലാം വിയോജിപ്പുണ്ടെങ്കിലും അതു പ്രകടിപ്പിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ തത്കാലം മിണ്ടാതിരിക്കനാണു തീരുമാനം.
സ്പ്രിങ്ക്ളറുമായുള്ള ഡാറ്റാ കൈമാറ്റ ഇടപാട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റോ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവോ ചര്‍ച്ച ചെയ്തിട്ടില്ല. മന്ത്രിസഭാ യോഗത്തിലും സ്പ്രിങ്ക്ളര്‍ ചര്‍ച്ചയ്ക്കു വന്നില്ല. ഇതാണ് ഇപ്പോള്‍ ഇടതുമുന്നണിക്കുള്ളിലാണെങ്കിലും സംശയങ്ങള്‍ ജനിപ്പിക്കുന്നത്.
കാനം രാജേന്ദ്രനുമായി മാത്രം മുഖ്യമന്ത്രി സംസാരിച്ചതു ശരിയല്ലെന്ന നിലപാടിലാണു സിപിഐയിലെ മറ്റു നേതാക്കള്‍. നയപരമായി എടുക്കേണ്ട തീരുമാനത്തെ വളഞ്ഞ വഴിയിലൂടെ നടപ്പാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും കളങ്കമായി തീര്ന്നിരിക്കുന്നതെന്നാണു സിപിഐ നേതാക്കളുടെ ഭാഷ്യം. കോവിഡ് 19-ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ഏറെ പ്രശംസ പിടിച്ചുപറ്റി നില്ക്കേയുണ്ടായ സ്പ്രിങ്ക്ളര്‍ വിവാദം സര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്ന അഭിപ്രായവും പൊതുവേ ഇടതു നേതാക്കള്‍ക്കിടയിലുണ്ട്.
സ്പ്രിങ്ക്ളര്‍ ഡാറ്റാ കൈമാറ്റത്തെ സംബന്ധിച്ചു സിപിഎം കേന്ദ്ര നേതൃത്വം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ചു സിപിഎം പോളിറ്റ്ബ്യൂറോയും വിശദമായ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. സ്പ്രിങ്ക്ളര്‍ കമ്പനിയുമായുണ്ടാക്കിയ ഡാറ്റാ കൈമാറ്റ കരാറിലെ വ്യവസ്ഥകള്‍ പാര്‍ട്ടി അറിയണമായിരുന്നൂവെന്ന നിലപാടും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്കുണ്ട്. എന്നാല്‍ തത്കാലം ഇതു പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കേണ്ടെന്ന ധാരണയിലാണു സിപിഎം കേന്ദ്ര നേതൃത്വവും.
Post Your Comments