തിരുവനന്തപുരം • സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവു വരുത്തിയ സാഹചര്യത്തിലും എല്ലാവരും കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്. ഇതേ ജാഗ്രത തുടര്‍ന്നാല്‍ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകള്‍ ഉപയോഗിക്കുന്നത്. തുണികൊണ്ടുള്ള മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, എന്‍. 95 മാസ്‌ക് എന്നിങ്ങനെ പലതരം മാസ്‌കുകളാണുള്ളത്. റിസ്‌ക് അനുസരിച്ചാണ് ഓരോ മാസ്‌കും തെരഞ്ഞെടുക്കേണ്ട്. ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, എന്‍. 95 മാസ്‌ക് എന്നിവ ആശുപത്രി അനുബന്ധ ജീവനക്കാര്‍ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ വിവിധ വായുജന്യ രോഗങ്ങളില്‍ നിന്നും രക്ഷ നേടാവുന്നതാണ്.
തുണി മാസ്‌ക് ഉപയോഗിക്കേണ്ട വിധം
പൊതു സ്ഥലങ്ങളില്‍ തുണികൊണ്ടുള്ള മാസ്‌കിന്റെ ഉപയോഗം സജീവവും സാര്‍വത്രികവുമാകുകയാണ്. തുണി മാസ്‌കുകള്‍ ഫലപ്രദമായി ഉപയോഗിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
കോട്ടണ്‍ തുണികൊണ്ട് മാത്രമേ തുണി മാസ്‌ക് നിര്‍മ്മിക്കാന്‍ പാടുള്ളൂ. നൂലിഴ 180ന് മുകളിലായിരിക്കണം. മാസ്‌കിന് രണ്ട് പാളികളുണ്ടായിരിക്കണം. ഉപയോഗിക്കുന്ന ആളിന് തടസമില്ലാതെ ശ്വസിക്കാന്‍ കഴിയണം. തുണി മാസ്‌കിന്റെ പ്ലീറ്റുകള്‍ താഴേക്ക് വരുന്ന വിധത്തില്‍ വായും മൂക്കും നല്ലവണ്ണം മറയുന്ന വിധത്തില്‍ രണ്ട് സെറ്റ് വള്ളികള്‍ ഉപയോഗിച്ച് തലയ്ക്ക് പിന്നില്‍ ശരിയായി കെട്ടണം.
ഓരോ ഉപയോഗത്തിന് മുമ്പും തുണി മാസ്‌ക് സോപ്പ് ഉപയോഗിച്ച് കഴുകിവെയിലത്തുണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കണം. മാസ്‌ക് ധരിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌കുകള്‍ ധരിക്കരുത്. എല്ലായിപ്പോഴും അധികം മാസ്‌കുകള്‍ കയ്യില്‍ കരുതേണ്ടതാണ്. മാസ്‌ക് ഉപയോഗ ശേഷം മാറ്റുമ്പോള്‍ വളരെ ശ്രദ്ധയോടുകൂടി മുന്‍ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ വള്ളികളില്‍ മാത്രം പിടിച്ച് മാറ്റേണ്ടതാണ്.
കോവിഡ് സംശയിക്കുന്ന വ്യക്തികള്‍ തുണി മാസ്‌ക് ഉപയോഗിക്കരുത്. മാസ്‌ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ല. അബദ്ധവശാല്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ചോ ആള്‍ക്കഹോള്‍ റബ് ഉപയോഗിച്ചോ കഴുകേണ്ടതാണ്. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുണി മാസ്‌ക് കെട്ടരുത്. കെട്ടിയിരിക്കുന്ന മാസ്‌ക് കഴുത്തിലേക്ക് താഴ്ത്തിയിടുകയോ മൂക്കിന് താഴെവച്ച് കെട്ടുകയോ പാടില്ല.
ഒരു കാരണവശാലും 6 മണിക്കൂറില്‍ അധികം തുണി മാസ്‌ക് ധരിക്കാന്‍ പാടില്ല. അതിനാല്‍ ഉപയോഗത്തിനായി ഒന്നില്‍ കൂടുതല്‍ മാസ്‌കുകള്‍ കരുതണം. ഉപയോഗിച്ച തുണി മാസ്‌ക് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച ശേഷം വീട്ടിലെത്തിയ ഉടന്‍ തന്നെ സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഇസ്തിരിയിടണം. മാസ്‌ക് ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ തൂവലകളും മാസ്‌കായി ഉപയോഗിക്കാവുന്നതാണ്.
പുനരുപയോഗിക്കാന്‍ സാധിക്കാത്ത മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ബ്ലീച്ചിംഗ് ലായിനില്‍ ഇട്ട് അണുവിമുക്തമാക്കിയ ശേഷം കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യേണ്ടതാണ്.
Post Your Comments