വുഹാന്‍ : ഏറ്റവും മാരകമെന്ന് വിശേഷിപ്പിക്കുന്ന കൊറോണ വൈറസ് ഉത്ഭവിച്ച ആ ലാബിനെ കുറിച്ച് സംശയം പ്രകടിപ്പിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ദുരൂഹമായ കാര്യങ്ങളാണ് വുഹാനിലെ ആ ലാബിനെ കുറിച്ച് പുറത്തുവരുന്നത് .ഇതോടെ വീണ്ടും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനം.
വുഹാന്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കുന്നിന്‍ പ്രദേശത്താണ് ഏറെ സുരക്ഷയുണ്ടെന്നു ചൈന അവകാശപ്പെടുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്കു പടര്‍ന്നതെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാന്നിധ്യം ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ സംശയത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ലാബില്‍നിന്നു പടര്‍ന്നുവെന്ന കാര്യം മറച്ചുവയ്ക്കാനാണ് ചൈന തന്നെ വെറ്റ് മാര്‍ക്കറ്റിന്റെ കാര്യം പ്രചരിപ്പിച്ചതെന്നും ആരോപണമുണ്ട്. വൈറസ് പടര്‍ന്നത് എങ്ങനെയെന്ന് സമഗ്രമായ അന്വേഷണമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ജൈവായുധ പരീക്ഷണത്തിനിടയ്ക്കാണ് വൈറസ് ലാബില്‍നിന്നു പുറത്തു പോയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ചൈനയില്‍ വൈറസ് ശേഖരണത്തിന്റെ മുഖ്യകേന്ദ്രമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 1,500ഓളം വ്യത്യസ്ത തരം വൈറസുകള്‍ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്കാണിത്. എബോള പോലെ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരാന്‍ കഴിയുന്ന അതീവഅപകടകാരികളായ ക്ലാസ്-4 വിഭാഗത്തിലുള്ള രോഗാണുക്കളെ (പി4) കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏഷ്യയിലെ ആദ്യത്തെ ഏറ്റവും സുരക്ഷയുള്ള ലാബും ഇവിടെയുണ്ട്. 42 മില്യന്‍ ഡോളര്‍ ചെലവിട്ടു സജ്ജമാക്കിയ ലാബിന്റെ നിര്‍മാണം 2015-ലാണു പൂര്‍ത്തിയായത്. 2018 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വുഹാന്റെ ആളൊഴിഞ്ഞ പ്രാന്തപ്രദേശത്തെ കാടുപിടിച്ച കുന്നിന്‍ചെരുവിലെ തടാകത്തിനു സമീപത്ത് ചതുരാകൃതിയുള്ള കെട്ടിടത്തിലാണ് 3000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പി4 ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് വ്യവസായിയായ എലൈന്‍ മെരിയക്സാണ് നിര്‍മാണത്തില്‍ കണ്‍സല്‍റ്റന്റായി പ്രവര്‍ത്തിച്ചത്. 2012-ല്‍ മുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു പി3 ലാബും ഇവിടെയുണ്ട്. ഈ ലാബിലെ ജീവനക്കാരനില്‍നിന്ന് അബദ്ധത്തിലാവാം കൊറോണ പടര്‍ന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments