തിരുവനന്തപുരം: ലോകം ഇന്ന് കോവിഡ് എന്ന മഹാമാരിയുടെ ഭീതിയിലാണ്. ആറു മാസത്തോളം ബഹിരാകാശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞ മൂന്നുപേര്‍ ഇന്ന് മടങ്ങിയെത്തുമ്പോൾ വരവേല്‍ക്കുന്നത് കോവിഡ് ഭീതിയിൽ വിറങ്ങലിച്ച ഭൂമിയാണ്.
യാത്ര പുറപ്പെടുമ്പോൾ ഉണ്ടായിരുന്ന ഭൂഗോളം അപ്പാടെ മാറിയത് ഇവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. ക്വാറന്റൈനില്‍ നിന്ന് ഐസൊലേഷനിലേയ്ക്ക് എന്ന സ്ഥിതിയാണ് മൂവരും നേരിടുന്നത്. അമേരിക്കയുടെ ജസീക്ക മീര്‍, ആന്‍ഡ്രൂ മോര്‍ഗന്‍, റഷ്യയുടെ ഒലേഗ സ്‌ക്രിപ്പോച്ചിക്ക എന്നിവരാണ് ശൂന്യാകാശ നിലയത്തില്‍ നിന്ന് സോയൂസ് പേടകം വഴി ഇന്നു രാവിലെ റഷ്യയില്‍ തിരിച്ചെത്തുന്നത്. ഇതില്‍ ജസീക്കയും ഒലേഗയും ശൂന്യാകാശത്ത് 205 ദിനം പൂര്‍ത്തിയാക്കി. ആന്‍ഡ്രൂ നേരത്തെ പോയ കണക്കു കൂടി നോക്കിയാല്‍ 272 ദിവസമായി. ഇവര്‍ക്ക് പകരക്കാരായി കഴിഞ്ഞ വ്യാഴാഴ്ച മൂന്നുപേര്‍ നിലയത്തിലെത്തി.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലയത്തിലും ജാഗ്രത പുലര്‍ത്താന്‍ നാസ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‘നിലയത്തില്‍ താമസിക്കാനുള്ള ആറ് മുറികള്‍ വേണമെങ്കില്‍ ഐസൊലേഷനായി മാറ്റാനാകും. തത്കാലം ലാബ് പരിശോധനാ സൗകര്യം ഇല്ലെന്നേയുള്ളു. മരുന്നുകളുടെ ശേഖരവും അവിടെയുണ്ട്. നിലയത്തിലെ യാത്രികരുടെ ശാരീരിക അവസ്ഥ അനുനിമിഷം സെന്‍സര്‍ വഴി നിരീക്ഷിക്കുന്നുണ്ട്’ നാസയുടെ വക്താവ് പറഞ്ഞു.
നിലയത്തില്‍ വിവിധതരം പരീക്ഷണശാലകളിലൊന്ന് വൈറോളജി വിഭാഗത്തിലാണ്. ഗുരുത്വാകര്‍ഷണം കുറഞ്ഞ സ്ഥിതിയില്‍ വൈറസുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നറിയാനുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. എലികളില്‍ ഈ പരീക്ഷണം നടക്കുന്നുണ്ട്. പരീക്ഷണവിധേയരായ ഒരുപറ്റം എലികളെ രണ്ടുമാസം മുമ്ബ് ഭൂമിയിലേയ്ക്ക് തിരിച്ചയച്ചിരുന്നു. ഭാവിയില്‍ ചൊവ്വയിലേക്കുള്ള മനുഷ്യന്റെ ദീര്‍ഘയാത്രയില്‍ വൈറസ് ഒരു പ്രതികൂല ഘടകമാകാതിരിക്കാന്‍ ഈ പഠനം വഴികാട്ടുമെന്ന് കരുതുന്നു.
Post Your Comments