കോട്ടയം: ഹൈദരാബാദില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ 19കാരി നാട്ടില്‍ അവധിക്കെത്തിയപ്പോള്‍ പ്രണയം നടിച്ചു യുവാവും കൂട്ടാളികളും ചേര്‍ന്നു വീട്ടില്‍നിന്നു കടത്തിക്കൊണ്ടുപോയതായി കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി. പരിചയം മറയാക്കി സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ചാണ് പെണ്‍കുട്ടിയെ വലയിലാക്കിയതെന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു. ഉന്നതവിജയം നേടി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഹൈദരാബാദില്‍ നഴ്സിംഗിനു പോയ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ പാറത്തോടു സ്വദേശിയായ യുവാവാണ് സംഘത്തോടൊപ്പമെത്തി കൊണ്ടുപോയത്.
കോവിഡ് അവധി മൂലം വീട്ടിലെത്തിയ പെണ്‍കുട്ടിയെ ക്വാറന്റൈന് കാലാവധി തീരുന്ന ദിവസം രാത്രി ഉറങ്ങിക്കിടന്ന പിതാവും അനുജനും അറിയാതെ കടത്തിക്കൊണ്ടു പോയെന്നാണ് പരാതി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ എട്ടുപേര്‍ സംഘം ചേര്‍ന്നെത്തി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതു വിവാദമായിട്ടുണ്ട്. ഹൈദരാബാദില്‍നിന്നെത്തി വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു പെണ്‍കുട്ടി.പെണ്‍കുട്ടിയുടെ അമ്മ വിദേശത്തു ജോലി ചെയ്യുകയാണ്.
നഴ്സിംഗിനു ശേഷം മകള്‍ക്ക് അവിടെ ജോലി തരപ്പെടുത്താന്‍ അമ്മ ശ്രമം നടത്തുന്നതിനിടെയാണ് മകള്‍ പ്രണയക്കെണിയിലായതെന്നു പിതാവ് പറയുന്നു. നാടകീയ രംഗങ്ങൾക്കാണ് പോലീസ് സ്റ്റേഷൻ സാക്ഷ്യം വഹിച്ചത്. ഇത്തരം ബന്ധങ്ങളുടെ അപകടവും അനന്തര ഫലങ്ങളും എണ്ണിപ്പറഞ്ഞു പിതാവ് മകളുടെ കാലില്വീണു തിരിച്ചുവരണമെന്ന് അപേക്ഷിച്ചതു കണ്ടുനിന്ന പലരുടെയും കണ്ണുനനച്ചു.പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയെത്തുടര്‍ന്നു ചൊവ്വാഴ്ച വൈകുന്നേരം യുവാവിനെയും പെണ്‍കുട്ടിയെയും കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി.
നിരവധി പെണ്‍കുട്ടികള്‍ അടുത്ത കാലത്തായി പ്രണയക്കെണികളില്‍ കുരുങ്ങി രാജ്യത്തിനു പുറത്തേക്കുതന്നെ കടത്തപ്പെടുക പോലും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മകളുടെ ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയുണ്ടെന്നാണ് പിതാവിന്റെ പരാതി.
Post Your Comments