ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് മടങ്ങിയെത്തുവാന്‍ തനിക്കാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദിനേശ് കാര്‍ത്തിക്. ഐപിഎല്‍ ഈ സീസണ്‍ തല്‍ക്കാലം ഉപേക്ഷിക്കപ്പെട്ടതിനാല്‍ തന്നെ ഐപിഎല്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവിനുള്ള സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്. 2019 ലോകകപ്പിലാണ് താരം അവസാനമായി കളിച്ചത്. അന്ന് 2 ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 14 റണ്‍സെടുത്ത മോശം പ്രകടനത്തിന് ശേഷം ദിനേശ് കാര്‍ത്തിക്കിനെ പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. എന്നാല്‍ താന്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെന്ന് കരുതി ട്വന്റി20യില്‍ തനിക്ക് അവസരം നല്‍കാത്തതില്‍ വേദനയുണ്ടെന്ന് താരം പറഞ്ഞു.
തീര്‍ച്ചയായും വേദനയുണ്ട്, അതില്‍ യാതൊരു സംശയവുമില്ല, എനിക്ക് രാജ്യത്തിന് വേണ്ടി കളിക്കുവാന്‍ വലിയ ആഗ്രഹമുണ്ട്, അതിന് ഇപ്പോളും ഒരു കുറവും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യമെന്നും ദിനേശ് കാര്‍ത്തിക്ക് വ്യക്തമാക്കി. തന്റെ ട്വന്റി20യിലെ റെക്കോര്‍ഡ് മികച്ചതാണ്, ലോകകപ്പില്‍ മികച്ച പ്രകടനമില്ലെങ്കിലും താന്‍ പ്രാദേശിക ടൂര്‍ണ്ണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും തനിക്ക് മടങ്ങി വരാനാകുമെന്ന പ്രതീക്ഷ തന്നെയാണുള്ളതെന്നും താരം പറഞ്ഞു.
2018ല്‍ നിദാഹസ് ട്രോഫിയില്‍ 8 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനവും ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കായും മികച്ച പ്രകടനവുമാണ് ഫിനിഷറുടെ താരത്തെ റോളിലേക്ക് പരിഗണിക്കുവാന്‍ ഇടയാക്കിയത്. ധോണി കഴിഞ്ഞാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുവാന്‍ അവസരം കാത്തിരിക്കുന്ന താരങ്ങളില്‍ ഒരാളാള്‍ കൂടിയാണ് ദിനേശ് കാര്‍ത്തിക്ക്. എന്നാല്‍ ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നീ വിക്കറ്റ് കീപ്പര്‍മാര്‍ക്കൊപ്പം ദിനേശ് കാര്‍ത്തിക്കിനും ഇപ്പോള്‍ വെല്ലുവിളിയായി മാറിയിരിക്കുന്നത് കെഎല്‍ രാഹുലാണ്.
Post Your Comments