മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റ് ജയം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 30 പന്തില്‍ 61 റണ്‍സ് നേടിയ കാമറോണ്‍ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാത്യു വെയ്ഡ് (45*) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു
മത്സരത്തിൽ സ്മിത്തിനെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ഒരു ഓവറില്‍ ഉമേഷ് യാദവ് മടക്കുകയായിരുന്നു. ഡിആര്‍എസിലൂടെയായിരുന്നു വിക്കറ്റ്. ഇതിനിടെ റിവ്യൂ സമയത്തെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കഴുത്ത് പിടിച്ച് ഞെരിക്കുന്നതായിരുന്നു വീഡിയോ. കാര്‍ത്തിക് റിവ്യൂന് അപ്പീല്‍ ചെയ്യാത്തതിനെ തുടര്‍ന്നാണ് തമാശയോടെ രോഹിത് കഴുത്തിന് പിടിച്ചത്.
മത്സരത്തിൽ സൂപ്പർ പേസർ ജസ്‌പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യ വീണ്ടും അറിഞ്ഞു. ഡെത്ത് ബൗളിംഗിൽ ഇന്ത്യൻ ബൗളർമാരെ ഓസ്ട്രേലിയ ശരിക്കും പഞ്ഞിക്കിട്ടു. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്‍റെ അവസാന നാലോവര്‍ വരെ മത്സരം ഇന്ത്യയുടെ കൈകളിലായിരുന്നു. കാമറൂണ്‍ ഗ്രീനിന്‍റെ വെടിക്കെട്ടിന് ശേഷം ഉമേഷ് യാദവിന്‍റെയും അക്സര്‍ പട്ടേലിന്‍റെയും ബൗളിംഗ് മികവില്‍ ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ട ഇന്ത്യ വിജയം ഉറപ്പിച്ചതായിരുന്നു.
അവസാന നാലോവറില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 55 റണ്‍സ്. എന്നാല്‍, ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ മാത്യു വെയ്ഡും ടിം ഡേവിഡും ചേര്‍ന്ന് 15 റണ്‍സ് അടിച്ചെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനെട്ടാം ഓവറോടെ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതി. ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ ഹര്‍ഷല്‍ പതിനെട്ടാം ഓവറില്‍ വഴങ്ങിയത് 22 റണ്‍സ്. ഇതോടെ, അവസാന രണ്ടോവറില്‍ ഓസീസ് ലക്ഷ്യം 18 റണ്‍സായി കുറഞ്ഞു.
Read Also:- ദിവസവും വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഭുവി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഓസീസ് 16 റണ്‍സ് കൂടി നേടി. ഇതോടെ, അവസാന ഓവറിലെ ലക്ഷ്യം ഓസീസ് രണ്ട് റണ്‍സാക്കി ചുരുക്കി. ചാഹല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ടിം ഡേവിഡ് പുറത്തായെങ്കിലും രണ്ടാം പന്ത് ബൗണ്ടറി കടത്തി പാറ്റ് കമിന്‍സ് അനായാസം ഓസീസിനെ ജയത്തിലെത്തിച്ചു.
Post Your Comments