ഇരുപതു ദിവസത്തെ തോതില്‍ തന്നെ അടുത്ത ഇരുപതു ദിവസം കൂടി പോയാല്‍ മെയ് 3 നു അതീവ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകും… ആശങ്ക ഉണര്‍ത്തുന്നു…. കഠിന നിയന്ത്രണം അത്യാവശ്യമാണെന്ന് മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസ് പറയുന്നു. കോവിഡ് വ്യാപനം തടയുന്നതു ലക്ഷ്യമിട്ടുള്ള ലോക്ക് ഡൗണ്‍ അടുത്ത മാസം മൂന്നു വരെ നീട്ടി. അതു കഴിഞ്ഞ് എന്ത് ? മെയ് മൂന്നിനകം കൊറോണയെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാവുമെന്നും ലോക്ക് ഡൗണ്‍ തീരുമെന്നും കരുതാമോ?
ജേക്കബ് പുന്നൂസിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം :
ജീവന്‍ വേണോ? ജീവിതം വേണോ? മെയ് 3 നു നാം ഇത് സ്വയം ഒരിക്കല്‍ കൂടി ചോദിക്കേണ്ടിവരും! പ്രത്യേകിച്ചും നമുക്ക് സ്ഥിര വരുമാനമില്ലെങ്കില്‍ !
ലോക്ക് ഡൌണ്‍ തുടരേണ്ടത് അനിവാര്യം ; ഒരു സംശയുമില്ല: മാര്‍ച്ച് 22 വരെ ഇന്ത്യയില്‍ ആകെ മരണം 7 . ഏപ്രില്‍ 12 ന് മരണം 273 . ലോകത്ത് ഈ കാലയളവില്‍ മരണം വര്‍ധിച്ചത് 11000 ത്തില്‍ നിന്ന് 99000 ത്തിലേക്ക് . 9 ഇരട്ടി. ഇന്ത്യയില്‍ മരണം വര്‍ധിച്ചത് 39 ഇരട്ടി .ആ ഇരുപതു ദിവസത്തെ തോതില്‍ തന്നെ അടുത്ത ഇരുപതു ദിവസം കൂടി പോയാല്‍ മെയ് 3 നു അതീവ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകും. ഇത് വളരെ ആശങ്ക ഉണര്‍ത്തുന്നു. കഠിന നിയന്ത്രണം അത്യാവശ്യം. തീര്‍ച്ചയായും വീട്ടിലിരുന്നേ പറ്റൂ !
കോവിഡിന് മരുന്നും വാക്സിനും ഇല്ല . അതുകൊണ്ടു ജീവന്‍ രക്ഷിക്കാന്‍ ലോക്ക് ഡൌണ്‍ നീട്ടുന്നത് മാത്രമാണ് പോംവഴി. അത് വിജയിക്കട്ടേ . കേരളത്തിലെ പോലീസ് അത് നടപ്പാക്കിയതുപോലെ , മറ്റു സംസ്ഥാനങ്ങളിലും ലോക്ക് ഡൌണ്‍ ഊര്‍ജ്ജസ്വലമായി നടപ്പാക്കി മരണത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കട്ടെ! ജനങ്ങളുടെ സഹകരണം തേടിയാല്‍ അത് സാധിക്കും. കേരളം അതിനു തെളിവാണ്.
പക്ഷേ , എന്നാണിതിനൊരവസാനം ? അനിശ്ചിതമായി ലോക്ക് ഡൌണ്‍ തുടരാന്‍ പറ്റുമോ ? ജീവന്‍ നിലനിര്‍ത്താന്‍ നാമിന്നു ജീവിതം നിശ്ചലമാക്കുന്നു. ജീവിതം , ഉപജീവനം ഇതെല്ലാം വളരെ പ്രധാനമാണ്; അതെ സമയം , ജീവന്‍, അതിപ്രധാനവും! സമ്പത്തെത്രയുണ്ടായാലും ജീവനില്ലെങ്കില്‍ എന്ത് കാര്യം? പക്ഷേ , ജീവിക്കാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍ … ? ഇതാണ് മനുഷ്യരാശിയുടെ സമകാലീന കോവിഡ് കടങ്കഥ !
മെയ് 3 ആകുമ്പോഴേക്കും , കോവിഡ് ഭീഷണിയുള്ള ഈ ലോകത്തു സുരക്ഷിതമായി ജീവിക്കാന്‍ നാം പ്രാപ്തരാവണം. അടച്ചു പൂട്ടല്‍ എപ്പോള്‍ നിര്‍ത്തിയാലും കോവിഡ് വീണ്ടും വരും. കതകടച്ചു വീട്ടിലിരുന്നാല്‍ വൈറസും കാത്തിരിക്കും. ഒരിക്കല്‍ നാം കതകു തുറക്കും എന്നത് സത്യം. അപ്പോള്‍ അവന്‍ വീണ്ടും വരും. ലോകത്തെവിടെ കോവിഡുണ്ടെങ്കിലും അത്, മലയാളിയുടെ വീട്ടുപടിക്കല്‍ ഇന്നല്ലെങ്കില്‍ നാളെ വരും!
നാം അടച്ചിരുന്നാല്‍ മരുന്നോ വാക്സിനോ കണ്ടുപിടിക്കുന്നതുവരെ നാം വീട്ടിലിരിക്കേണ്ടിവരും .അതുകൊണ്ടു , വരുന്ന പത്തു ദിവസം കൊണ്ട് കോവിഡ് ഉള്ള ഒരു ലോകത്തു സുരക്ഷിതമായി ജീവിക്കാന്‍ എന്ത് ചെയ്യണം എന്ന് നാം വീട്ടിലിരുന്നു തന്നെ പഠിക്കണം. പുതിയ കോവിഡ് വിരുദ്ധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. പുതിയ രീതികള്‍ അഭ്യസിക്കണം. അവയെപ്പറ്ററ്റി ആലോചിക്കണം. ആഘോഷിക്കാനോ, കൂട്ടം ചേരാനോ, പഴയ രീതികളിലേക്ക് അതുപോലെ തിരിച്ചു പോകാനോ അല്ല, മറിച്ചു , ഉപ ജീവനമാര്ഗങ്ങള്‍ , പ്രതേകിച്ചും പാവപ്പെട്ടവരുടെയും അടിസ്ഥാന ഉത്പാദന ശൃംഖലയില്‍ ജോലി ചെയ്യുന്നവരുടെയും, സംരക്ഷിക്കാനായി മാത്രം!
ജീവന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ നമുക്ക് ജീവിതത്തിലേക്ക് മടങ്ങണം ; മടങ്ങിയേ പറ്റൂ ! സുരക്ഷിതരായി!
Post Your Comments