മുംബൈ: നാടകീയതകൾക്കൊടുവിൽ അധികാരത്തില്‍ എത്തിയ ഉദ്ധവ് താക്കറെയ്ക്ക് ഇതുവരെ മുഖ്യമന്ത്രിക്കസേരയില്‍ ഒന്നമര്‍ന്നിരിക്കാനായിട്ടില്ല. സഖ്യസര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തി രണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വില്ലന്‍ രൂപത്തില്‍ കൊവിഡ് എത്തി. ഇപ്പോൾ കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മരണസംഖ്യ നൂറിനോട് അടുക്കുന്നു. ഈ വെല്ലുവിളിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ എന്ന ആശങ്കയിലാണ് ഉദ്ധവ് താക്കറെ.
നേരത്തെ എന്‍ഡിഎ സഖ്യത്തിലായിരുന്നു ശിവസേന. എന്നാല്‍ ബിജെപി ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവി നിഷേധിച്ചതോടെ ഉദ്ദവും കൂട്ടരും രായ്ക്ക് രാമായനം മുന്നണി വിട്ടു. കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം സഖ്യസര്‍ക്കാരുണ്ടാക്കി. സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം ഉദ്ധവ് താക്കറെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് കൊവിഡ് പ്രതിരോധം.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം തിരഞ്ഞെടുപ്പ് ജയിക്കാത്ത ഒരാള്‍ക്ക് മന്ത്രിയായി അല്ലെങ്കില്‍ മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ അധികാരത്തിലേറി ആറ് മാസത്തിനകം തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ മത്സരിക്കുകയോ ജയിക്കുകയോ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിസ്ഥാനത്ത് തുടരണമെങ്കില്‍ ആ കടമ്പ കടക്കേണ്ടതുണ്ട്. മെയ് 28ന് മുഖ്യമന്ത്രിയായി ആറ് മാസം തികയ്ക്കുകയാണ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് മാര്‍ച്ച് 26ന് മത്സരിക്കാനിരിക്കുകയായിരുന്നു താക്കറെ.എന്നാല്‍ കൊവിഡ് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ഏപ്രില്‍ 24 മുതല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 9 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കും.
തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ താക്കറെയ്ക്ക് നിയമസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടാനാകില്ല. ഗവര്‍ണര്‍ക്ക് തിരഞ്ഞെടുപ്പ് കൂടാതെ ഒരാളെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താല്‍ മന്ത്രിസ്ഥാനത്ത് നോമിനേറ്റ് ചെയ്യപ്പെട്ട ഒരാള്‍ എത്തുന്നത് ആദ്യമാകും. ഗവര്‍ണറോട് ഉദ്ധവിനെ നോമിനേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പന്ത് ബിജെപിയുടെ കോർട്ടിലാണ്. മുന്‍ ബിജെപി നേതാവായ ഗവര്‍ണര്‍ ബിഎസ് കോഷിയാരി എന്ത് തീരുമാനിക്കും എന്നത് മഹാരാഷ്ട്ര സർക്കാരിന് നിര്‍ണായകമാണ്.
Post Your Comments