ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഏറ്റവും ഫലപ്രദമായ മരുന്നെന്ന് കണ്ടെത്തിയതിനു പിന്നാലെ പാരസെറ്റമോളിനു വേണ്ടിയും ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ സമീപിക്കുന്നു. വേദനസംഹാരിയും പനിക്ക് കഴിക്കുന്നതുമായ പാരസെറ്റമോളും കോവിഡ് രോഗികളെ ചികില്‍സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ഇതിനു കാരണം. ലോകത്ത് ഏറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 5600 മെട്രിക് ടണ്‍ പാരസെറ്റമോളാണ് രാജ്യത്തെ പ്രതിമാസ ഉല്‍പാദനം. ഇവിടെ 200 മെട്രിക് ടണ്‍ മാത്രം ആവശ്യമുള്ളപ്പോള്‍ ബാക്കിയുള്ളവ ഇറ്റലി, ജര്‍മനി, യുകെ, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ്. പ്രതിവര്‍ഷം 730 കോടി രൂപയുടെ പാരസെറ്റമോള്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തുന്നത്.
കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ 26 മരുന്നുകള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ ഒന്ന് പാരസെറ്റമോള്‍ ആയിരുന്നു. എന്നാല്‍ രാജ്യാന്തര സഹകരണ നയത്തിന്റെ ഭാഗമായി യുകെയുടെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അവിടേക്ക് പാരസെറ്റമോള്‍ കയറ്റിവിടുന്നതിന് അനുമതി നല്‍കി. അതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ബ്രിട്ടന്റെ ഇടക്കാല ഹൈക്കമിഷണര്‍ ജാന്‍ തോംസണ്‍ നന്ദിയും അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍ രാജ്യാന്തര സഹകരണം അത്യാവശ്യമാണ്. ഇന്ത്യയ്ക്കും യുകെയ്ക്കും പരസ്പര സഹവര്‍ത്തിത്തത്തിന്റെ ചരിത്രവുമുണ്ട്- എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഉള്‍പ്പെടെ 60,000 പേര്‍ക്കാണ് യുകെയില്‍ കോവിഡ് സ്ഥിരീകരിച്ചത്. യുകെയിലേക്ക് കയറ്റി അയച്ചതിനു പിന്നാലെ പാരസെറ്റമോളിന് ആവശ്യം ഉന്നയിച്ച് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചത്. ദക്ഷിണ കൊറിയ, യുഎസ്, കാനഡ എന്നിവ ഈ പട്ടികയില്‍ പെടും. ശ്രീലങ്ക, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു പാരസെറ്റമോള്‍ കയറ്റുമതി ചെയ്യണമെന്ന് ആവശ്യമുന്നയിച്ച് സര്‍ക്കാരുകള്‍ ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ താല്‍ക്കാലികമായി കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണെന്നും തുടര്‍ നടപടികള്‍ക്ക് അനുമതി ആവശ്യമാണെന്നുമാണ് ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്‌മെന്റിനെ പ്രതിനിധീകരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്.
Post Your Comments