ലണ്ടന്‍: കോവിഡ്-19 ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്. തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്ന ബോറിസ് ജോണ്‍സണ്‍ മരുന്നുകളോടു പ്രതികരിക്കുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം ദിവസവും അദ്ദേഹം ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലെ ഐ.സി.യു.വില്‍ തുടരുകയാണ്.
ശ്വാസതടസ്സം നേരിടുന്ന ജോണ്‍സണ് ഓക്സിജന്‍ നല്‍കുന്നത് തുടരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും അദ്ദേഹത്തെ തുടര്‍ച്ചയായി നിരീക്ഷിച്ചുവരുകയാണെന്നും ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
എലിസബത്ത് രാജ്ഞിയും രാജകുടുംബത്തിലെ മറ്റു മുതിര്‍ന്ന അംഗങ്ങളും ജോണ്‍സന്റെ കുടുംബത്തിന് ആശ്വാസ സന്ദേശമറിയിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് ഗര്‍ഭിണിയായ പ്രതിശ്രുതവധു കാരി സൈമണ്ട്സ് പറഞ്ഞു.
ബോറിസ് ജോണ്‍സണ്‍ തിരിച്ചെത്തുമെന്നും അദ്ദേഹമൊരു പോരാളിയാണെന്നും പ്രധാനമന്ത്രിയുടെ താത്‍കാലിക ചുമതല വഹിക്കുന്ന വിദേശ കാര്യമന്ത്രി ഡൊമിനിക് റാബ് പറഞ്ഞു. മാര്‍ച്ച് 27-നായിരുന്നു ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments