
ന്യൂഡല്‍ഹി•ഇന്ത്യ എല്ലാ രാജ്യങ്ങളെയും സഹായിക്കണം, പക്ഷേ മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാക്കണമെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. സൗഹൃദം പ്രതികാര നടപടിയല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യമുള്ള സമയത്ത് സഹായിക്കണം, എന്നാൽ ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് വേണ്ടത്ര അളവിൽ ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മരുന്ന് കയറ്റി അയക്കാനുള്ള വിദേശ കാര്യമന്ത്രാലയത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മനുഷ്യത്വം പരിഗണിച്ച് പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കു നല്കാന് തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ആവശ്യ മരുന്നുകളായ ഇവ കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കും നല്‍കും. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവല്‍ക്കരണത്തെയും ഗൂഢസിദ്ധാന്തം ചമയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
ഇന്ത്യ 24 മരുന്നുകളുടെ കയറ്റുമതി നിരോധനമാണ് നീക്കിയത്. 26 മരുന്നുകളും അവയുടെ ഘടകങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുന്നതില്‍ മാര്‍ച്ച് മൂന്നിനാണ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാരസിറ്റാമോളും ഈ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിലക്ക് നീക്കിയ മരുന്നുകളുടെ പട്ടികയില്‍ പാരസിറ്റാമോള്‍ ഉള്‍പ്പെട്ടിട്ടില്ല.
Post Your Comments