KeralaLatest NewsNews

കോവിഡ് വരാതിരിക്കാൻ എല്ലാവരും എടുക്കേണ്ട 20 മുൻകരുതലുകൾ – ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ

ഡോ. രാജീവ് ജയദേവൻ

1. ജോലിസ്ഥലത്ത് അല്ലെങ്കിൽ പൊതു സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ചുറ്റും ഉള്ള എല്ലാവർക്കും കോവിഡ് ഉണ്ട് എന്ന് സങ്കല്പിക്കുക, അതനുസരിച്ച് മുൻകരുതലുകൾ എടുക്കുക. ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതാണ് വേണ്ടത്. പ്രത്യേകിച്ചും സർവീസ് മേഖലയിൽ ആൾക്കാർ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാനുള്ള ചില ഓഫീസ് ക്രമീകരണങ്ങൾ വേണ്ടി വരും.

2. കോവിഡ് ബാധ ഉള്ളവർ എല്ലാവർക്കും പനിയും ചുമയും കാണണമെന്നില്ല. നല്ല ഒരു പങ്ക് കോവിഡ് രോഗികൾക്കും ലക്ഷണങ്ങൾ തുടക്കത്തിൽ ഒന്നും തന്നെ ഉണ്ടാവില്ല. അതു കൊണ്ട് ആളെ കണ്ടാൽ കുഴപ്പമില്ല എന്നു തോന്നിയാലും മുൻകരുതലുകൾ കുറയ്ക്കരുത്.

3. ആരുമായും ഹസ്തദാനം ചെയ്യരുത്. കാരണം, ഒരാളിൽ രോഗമില്ല എന്ന് അറിയാൻ എളുപ്പമല്ല. അതു കൊണ്ട് സഹപ്രവർത്തകരായാലും സോഷ്യൽ distancing നില നിർത്തുക. അത്‌ അവരിൽ നിന്നും നമ്മളെയും, നമ്മളിൽ നിന്ന് അവരെയും സംരക്ഷിക്കും.

4. സ്വന്തം കൈവിരലുകൾ മുഖത്തിനടുത്തേക്കു പോലും എത്താതിരിക്കാൻ ശ്രദ്ധിക്കുക, സഹപ്രവർത്തകർ ഇങ്ങനെ ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടാൽ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കുക.

5. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഇട്ട് 20 സെക്കൻഡ്‌ നേരം കഴുകുക. പൊതു സ്ഥലങ്ങളിൽ മേശ, കീബോർഡ്, മൗസ്, വാതിൽ ഹാൻഡിൽ, ബാത്‌റൂം ടാപ്പ് മുതലായ ഇടങ്ങളിൽ സ്പർശിച്ച ശേഷം കൈ കഴുകുക, അല്ലെങ്കിൽ santiser ഉപയോഗിക്കുക. വിരൽത്തുമ്പുകൾ എല്ലായ്പ്പോഴും പരമാവധി ശുചിയായി സൂക്ഷിക്കുക.

6. SARS Cov 2 വൈറസ് സോപ്പ് ഇട്ടു പതപ്പിച്ചാൽ തൽക്ഷണം നശിച്ചു പോകും എന്നത് വളരെ പ്രധാനപ്പെട്ട അറിവാണ്. Alcohol based sanitiser ഇല്ലാതെ തന്നെ എളുപ്പത്തിൽ ഇതിനെ നശിപ്പിക്കാൻ സാധിക്കും.

7. ആൾക്കാർ തിങ്ങി നിൽക്കുന്ന സ്ഥലങ്ങളിൽ ഈ വൈറസ് അതിവേഗം പടർന്നു പിടിക്കും. അതിനാൽ ആൾക്കൂട്ടത്തിൽ പെടാതെ ശ്രദ്ധിക്കുക. ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലും ഇതു തന്നെയാണ്.

അമേരിക്കയിലെ വാഷിംഗ്‌ടൺ സ്റ്റേറ്റിലെ ഒരു പള്ളിയിൽ choir പാടാൻ പോയ നല്ല ആരോഗ്യമുള്ള 60 പേരിൽ 45 പേർക്ക് മൂന്നാഴ്ചയ്ക്കകം കോവിഡ് ബാധയുണ്ടായത് ഈ വൈറസിന്റെ അപാരമായ വ്യാപന ശേഷിയുടെ നിഷേധിക്കാനാവാത്ത തെളിവാണ് .

8. ലിഫ്റ്റ് പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ചും തിരക്കുള്ളപ്പോൾ. അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന droplets ശ്വസിക്കാൻ സാധ്യത ഏറെയാണ്. ലിഫ്‌റ്റിന്റെ ബട്ടണുകളിൽ പലരും വിരൽ അമർത്തിയതു മൂലമുള്ള മാലിന്യവും രോഗാണുക്കളും ഉണ്ടാവാം.

9.അവരവർക്ക് പനി, ചുമ, ജലദോഷം ഇവയുണ്ടെങ്കിൽ ജോലിക്കു പോകാതെ വീട്ടിലിരിക്കുക. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനാണിത്‌.

10. വ്യക്തികൾ യാത്രാ വിവരം മറച്ചു വയ്ക്കുന്നത് പതിവാണ്, അതിനാൽ എല്ലാവർക്കും രോഗ സാധ്യത ഉണ്ട് എന്ന ഊഹത്തിൽ വേണം ഇടപെടാൻ. അല്ലാതെ ഇറ്റലിയിൽ നിന്നും, അല്ലെങ്കിൽ ചൈനയിൽ നിന്നും ഉള്ള ആരുമായും സമ്പർക്കമില്ല എന്നും മറ്റും പറയുന്നതിന് യാതൊരു വിലയും ഇപ്പോഴില്ല. അവനവൻ സൂക്ഷിച്ചാൽ അവനവനും കുടുംബത്തിനും നല്ലത്.

11. കോവിഡിനെ നിസ്സാരമായി കണ്ട രാജ്യങ്ങളിലാണ് ഇന്ന് അതി തീവ്രമായി രോഗം വ്യാപിച്ചിട്ടുള്ളത് എന്ന് ഓർക്കുക. രോഗം മറ്റു രാജ്യങ്ങളിൽ മാത്രമേ വരൂ എന്ന് ഇവർ തെറ്റിദ്ധരിച്ചു, തെറ്റു ന്യായീകരിക്കാൻ പല വാദങ്ങളും പ്രചരിപ്പിച്ചു. Denial എന്നത് മനുഷ്യ സഹജമായ ഒരു നെഗറ്റീവ് മനോഗതിയാണ്. അതിന് അടിമപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

12. മാസ്‌ക് ഇടേണ്ട സാഹചര്യമുണ്ടായാൽ അതുപയോഗിക്കേണ്ട കൃത്യമായ വിധം അറിഞ്ഞിരികുക. മൂക്കും വായയും എപ്പോഴും മൂടിയിരിക്കണം. മാസക് അണിഞ്ഞതിനുശേഷം അതിന്റെ പുറം ഭാഗം കൈ കൊണ്ടു തൊടാതിരിക്കുക.

13. യാത്രയ്ക്കിടക്ക് കൈ അഴുക്കായാൽ കഴുകാൻ സൗകര്യമില്ലെങ്കിൽ sanitiser ഉപയോഗിക്കാവുന്നതാണ്.

14. മൊബൈൽ ഫോൺ രോഗാണുക്കളുടെ കലവറ ആകാറുണ്ട്, അതിനാൽ ദിവസത്തിൽ ഒരിക്കലെങ്കിലും സാനിറ്റിസറോ, അല്പം സോപ്പ് മയമുള്ള, വളരെ നേരിയ നനവുള്ള തുണിയോ റ്റിഷ്യൂവോ വച്ച് തുടയ്ക്കുക.

15. തിരികെ വീട്ടിൽ എത്തിയാൽ ഉടൻ തന്നെ കൈ സോപ്പിട്ടു കഴുകേണ്ടതാണ്.

16. വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് കോവിഡ് വരുമോ എന്ന് ആശങ്കയുണ്ടെങ്കിൽ അവരെ സാവകാശം പറഞ്ഞു മനസിലാക്കുക. കൃത്യമായ നിർദേശങ്ങൾ പാലിച്ചാൽ കോവിഡ് പകരുകയില്ല എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

17. അത്യാവശ്യമില്ലെങ്കിൽ കഴിവതും ആശുപത്രികളിൽ നിന്നും വിട്ടു നിൽക്കുക. അഥവാ ചുമ പനി ഇവയുമായി ആശുപത്രിയിൽ പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക, മറ്റുള്ളവരുടെ സുരക്ഷയ്ക്കു വേണ്ടിയാണിത്. തിരക്കുള്ള എല്ലാ ഇടങ്ങളിൽ നിന്നും മാറി നിൽക്കുക. വയോധികരും, കടുത്ത പ്രമേഹം, ബിപി, ഹൃദ്രോഗം ഇവ ഉള്ളവരും, പുകവലിക്കാർ, ക്യാൻസർ, വൃക്ക, കരൾ രോഗികൾ മുതലായവരും പ്രത്യേകം സൂക്ഷിക്കേണ്ടതാണ്.

18. ആരോഗ്യപ്രവർത്തകർ പ്രത്യേക മുൻകരുതലുകൾ പാലിക്കേണ്ടതാണ്, അതേപ്പറ്റി പ്രത്യേകമായി എഴുതിയിട്ടുണ്ട്, എന്റെ (Rajeev Jayadevan) FB wall ൽ 4.4.20 തീയതി അതു പോസ്റ്റ് ചെയ്തിട്ടുണ്ട്.

19. കോവിഡിനെ പറ്റിയുള്ള പുതിയ അറിവുകൾ ലഭിക്കുന്നതനുസരിച്ച് നിർദ്ദേശങ്ങൾ മാറാനിടയുണ്ട്. മുഖ്യമന്ത്രിയുടെ ദിവസേനയുള്ള പ്രഭാഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നതാണ്. DHS Kerala, WHO, Ministry of Health and Family Welfare, CDC വെബ്‌സൈറ്റ് ഇവ ആധികാരികമായ സ്രോതസുകളാണ്. വാട്ട്സപ്പിലും മറ്റുമുള്ള പല വാർത്തകളും വ്യാജമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

20. ചെറുപ്പക്കാർക്ക് കോവിഡ് ഒരു പ്രശ്നമല്ല എന്ന ഒരു തെറ്റിദ്ധാരണ നിലവിലുണ്ട്. അതുടൻ തന്നെ മാറ്റുക. സമീപകാലത്തുള്ള പഠനങ്ങൾ തെളിയിക്കുന്നത് ഇവർക്കും കോവിഡ് സാരമായി തന്നെ വരാൻ സാധ്യത ഉണ്ടെന്നാണ്.

കേട്ടാൽ സിമ്പിളാണെങ്കിലും വളരെ പവർഫുൾ ആണ് മേൽപ്പറഞ്ഞ മുൻകരുതലുകൾ എന്ന് തിരിച്ചറിയുക, മറ്റുള്ളവർക്ക് നിർബന്ധമായും ഈ അറിവുകൾ പകർന്നു കൊടുക്കുക, ചർച്ചകൾ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button