Latest NewsUSANewsInternational

മഞ്ഞുമലയുടെ അഗ്രം മാത്രമേ ന്യൂയോര്‍ക്ക് കണ്ടിട്ടുള്ളൂ, അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ”: ന്യൂയോര്‍ക്ക് അധികൃതര്‍

ന്യൂയോര്‍ക്ക്•’മഞ്ഞുമലയുടെ അഗ്രം മാത്രമേ ന്യൂയോര്‍ക്ക് കണ്ടിട്ടുള്ളൂ, അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ’ എന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോയും, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഡി ബ്ലാസിയോയും മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ മരണസംഖ്യ 1,500 ല്‍ എത്തിനില്‍ക്കുകയാണ്. ആയിരക്കണക്കിന് പുതിയ കോവിഡ് 19 രോഗികള്‍ക്ക് ഇടം നല്‍കുന്നതിന് ആശുപത്രികള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ 75,000 ത്തിലധികം കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന തലസ്ഥാനമായ ആല്‍ബനിയില്‍ നിന്നുള്ള പ്രതിദിന ബ്രീഫിംഗില്‍ ക്വോമോ റിപ്പോര്‍ട്ട് ചെയ്തു. ‘യുഎസിലെ അണുബാധകളില്‍ പകുതിയും ന്യൂയോര്‍ക്കിലാണ്. 1,550 ന്യൂയോര്‍ക്കുകാര്‍ മരിക്കുകയും 11,000 ത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംക്ഷിപ്തമായി, വിനാശകരമായ സംഖ്യകള്‍ മണിക്കൂറിനകം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു,’ ഗവര്‍ണ്ണര്‍ വ്യക്തമാക്കി.

ഭയാനകമായ ഈ ദേശീയ ദുരന്തത്തില്‍ യുഎസ് മരണസംഖ്യ ചൊവ്വാഴ്ച 4,000 ത്തില്‍ എത്തി നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം വൈറസിന്റെ ഉത്ഭവ സ്ഥാനമായ ചൈനയിലെ ഔദ്യോഗിക കണക്കുകളെ മറികടക്കുകയാണ് യുഎസില്‍. യുഎസില്‍ 240,000 മരണങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ന്യൂയോര്‍ക്ക് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് 42,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ കൊവിഡ്-19 മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ചൊവ്വാഴ്ച വൈകീട്ട് 5 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അഞ്ച് ബൊറോകളില്‍ 1096 ആണ്. എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് നഗരം, സംസ്ഥാനം, ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ഈ മഹാമാരിയെ നേരിടാന്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.

ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സിയും (എഫ്‌ഇ‌എം‌‌എ), ന്യൂയോര്‍ക്ക് സിറ്റി ഹാളും, ന്യൂയോര്‍ക്ക് നഗരത്തിന് 250 ആംബുലന്‍സുകള്‍ കൂടി നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്.

75 ഓളം ആംബുലന്‍സുകള്‍ പതിവ് അത്യാഹിത നമ്പര്‍ 911 കോളുകളോട് പ്രതികരിക്കാന്‍ ഉപയോഗിക്കും. ബാക്കിയുള്ളവ രോഗികളെ മെഡിക്കല്‍ സൈറ്റുകളിലേക്ക് കൊണ്ടുപോകുന്നതിന് നീക്കിവയ്ക്കും. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ ജേക്കബ് ജാവിറ്റ്സ് കണ്‍‌വന്‍ഷന്‍ സെന്‍ററില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയ 1,000 കിടക്കകളുള്ള ഫീല്‍ഡ് ഹോസ്പിറ്റല്‍, യുഎസ് നേവിയുടെ പുതുതായി എത്തിച്ചേര്‍ന്ന 1,000 കിടക്കകള്‍ ഉള്ള യുഎസ്എന്‍എസ് കംഫര്‍ട്ട് ആശുപത്രി കപ്പല്‍ എന്നിവ സജ്ജമായിരിക്കുകയാണ്. കൂടാതെ, പകര്‍ച്ചവ്യാധിയേറ്റ രോഗികളുടെ പരിചരണത്തിന് 500 ബാക്കപ്പ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍സും (ഇ.എം.ടി) പാരാമെഡിക്കുകളും നഗരത്തിലെത്തും.

ന്യൂയോര്‍ക്ക് നഗരത്തിന്റെ അമിത ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള മറ്റൊരു ശ്രമത്തില്‍, ക്വീന്‍സ് ഫ്ലഷിംഗ് മെഡോസ് പാര്‍ക്കിലെ യുഎസ് ഓപ്പണ്‍ ടെന്നീസ് സമുച്ചയത്തെ 350 കിടക്കകളുള്ള ഒരു ഫീല്‍ഡ് ആശുപത്രിയാക്കി മാറ്റുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

നേവിയുടെ യുഎസ്എന്‍എസ് കംഫര്‍ട്ട് പോലെ, ക്വീന്‍സ് ഫീല്‍ഡ് സൗകര്യവും കൊറോണ വൈറസ് അല്ലാത്ത രോഗികളെ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍. നഗരത്തിലെ ആശുപത്രികളെ പ്രധാനമായും വൈറസിനെതിരെ പോരാടുന്ന രോഗികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് സഹായിക്കും.

കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ഹോട്ടല്‍ മുറികള്‍ കൂട്ടത്തോടെ വാടകയ്ക്കെടുക്കാനും കോവിഡ് 19 രോഗികള്‍ക്കായി തീവ്രപരിചരണ വിഭാഗങ്ങളാക്കി മാറ്റാനും നഗരം പദ്ധതിയിടുന്നുണ്ടെന്നും മേയര്‍ ഡി ബ്ലാസിയോ പറഞ്ഞു. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍, നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളും പാട്ടത്തിനെടുക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് ആര്‍മി കോര്‍പ്സ് ഓഫ് എഞ്ചിനീയേഴ്സിലെ ഉദ്യോഗസ്ഥരുമായി പദ്ധതികള്‍ ചര്‍ച്ച ചെയ്തതായി മേയര്‍ പറഞ്ഞു. അടിസ്ഥാനപരമായി ഒരു ഹോട്ടലിനെ ആശുപത്രിയാക്കാന്‍ അവര്‍ ചെയ്യുന്ന വളരെ ലളിതമായ കാര്യങ്ങളുണ്ട്. അതേക്കുറിച്ച് അവരുമായി വിശദമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹിക ഉത്തരവാദിത്തം എല്ലാവരും പാലിക്കണം. വ്യാപനം മന്ദഗതിയിലാക്കാന്‍ കഴിയുന്നത്ര വീട്ടില്‍ തുടരാന്‍ ന്യൂയോര്‍ക്കുകാരോട് ഗവര്‍ണ്ണര്‍ അഭ്യര്‍ത്ഥിച്ചു. ‘ഇത് നിങ്ങള്‍ക്കും നിങ്ങളുടെ ആരോഗ്യത്തിനും മാത്രമല്ല. എല്ലാവര്‍ക്കും വേണ്ടിയാണ്, രാജ്യത്തെ എല്ലാവരുടേയും സുരക്ഷയ്ക്കു വേണ്ടിയാണ്,’ അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക് നിവാസികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ സിറ്റി ഏജന്‍സികള്‍ ചിലപ്പോഴൊക്കെ പാടുപെടുന്നുണ്ട്. ഇതിന് പരിഹാരമായി സിറ്റി ഹാള്‍ ചൊവ്വാഴ്ച അഞ്ച് ബറോകളിലെയും 10 കളിസ്ഥലങ്ങള്‍ അടച്ചു പൂട്ടി. ഇതര പാര്‍ക്കുകളുടെ നിയന്ത്രണങ്ങളും ഏപ്രില്‍ 14 വരെ നീട്ടി.

ന്യൂയോര്‍ക്ക് ഇപ്പോള്‍ പാന്‍ഡെമിക്കില്‍ നിന്ന് ഏറ്റവും കനത്ത പ്രഹരമേല്‍പ്പിക്കുമ്പോള്‍, വൈറസ് വ്യാപിക്കുന്നത് തുടരുന്നതിനാല്‍ മറ്റ് നഗരങ്ങളും സംസ്ഥാനങ്ങളും ഇതേ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുറിയിപ്പ് നല്‍കി.

രാജ്യത്തെ മികച്ച പകര്‍ച്ചവ്യാധി വിദഗ്ധനും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലെ അംഗവുമായ ഡോ. ആന്‍റണി ഫൗസി കഴിഞ്ഞയാഴ്ച യുഎസിലെ 200,000 ആളുകള്‍ മരിക്കാമെന്ന് പ്രവചിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ ആവശ്യത്തിന് വെന്‍റിലേറ്ററുകളും മറ്റ് ആവശ്യമായ വൈദ്യസഹായങ്ങളും നല്‍കാത്തതിന് ഗവര്‍ണ്ണര്‍ ക്വോമോ പ്രസിഡന്‍റ് ട്രംപിന്‍റെ ഭരണകൂടത്തെ വിമര്‍ശിച്ചു.

എന്നാല്‍, ചൊവ്വാഴ്ച ഗവര്‍ണര്‍ രാഷ്ട്രീയ നിലപാടുകള്‍ മാറ്റുകയും പകരം ഫെഡറല്‍ ഏജന്‍സികളോടും മറ്റ് സംസ്ഥാനങ്ങളോടും ന്യൂയോര്‍ക്കിന് ആവശ്യമുള്ള സമയത്ത് കൂടെ നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

‘ചുവന്ന സംസ്ഥാനങ്ങളോ നീല സംസ്ഥാനങ്ങളോ ഇല്ല,’ ക്വോമോ ആല്‍ബനി പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘വൈറസ് ചുവന്ന അമേരിക്കക്കാരെയോ നീല അമേരിക്കക്കാരെയോ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്നില്ല. അത് എല്ലാ അമേരിക്കക്കാരെയും ഒരുപോലെ ആക്രമിക്കുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button