ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ കോവിഡ്-19 വൈറസ് ബാധയെത്തുടര്‍ന്ന് 56 വയസുകാരന് മരിച്ചു. ധാരാവി ബലിഗാനഗര്‍ എസ്ആര്‍എ മേഖലയില്‍ താമസിച്ചിരുന്നയാളാണ് ബുധനാഴ്ച രാത്രിയില്‍ മരിച്ചത്.ധാരാവിയിലെ ഷാഹു നഗര്‍ പ്രദേശത്താണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രോഗ ബാധിതന്‍ താമസിച്ച കെട്ടിടം സീല്‍ ചെയ്യാനാണ് പോലീസ് നീക്കം.
മുംബൈയിലെ സയണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ എട്ടു പേരാണുള്ളത്. ഇവരെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അധികൃതര്‍ ഇവര്‍ താമസിച്ച കെട്ടിടവും പ്രദേശവും അടച്ച് മുദ്രവച്ചു. കൊറോണ സ്ഥിരീകരിച്ചയാളുമായി സമ്ബര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ അധികൃതര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ജനം തിങ്ങിപ്പാര്‍ക്കുന്ന ചേരിയായതിനാല്‍ ധാരാവിയിലെ കോവിഡ് ബാധയും മരണവും വലിയ ആശങ്കയാണ് മുംബൈയില്‍ വിതച്ചിരിക്കുന്നത്.
അതേസമയം ഡല്‍ഹിയില്‍ ഇന്ന് പുതിയതായി 32 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം 150 കവിഞ്ഞു. ഇതില്‍ 29 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കൂടാതെ സഫ്ദര്‍ജങ്ങ് ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ച ഒരു ഡോക്ടര്‍ കോവിഡ്-19 യൂണിറ്റില്‍ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റൊരാള്‍ ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനി അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഇതേ ആശുപത്രിയില്‍ ബയോ കെമിസ്ട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്‌റുടെ ഭാര്യയ്ക്ക് മാര്‍ച്ച് 26 ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മൂന്ന് ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ സര്‍നാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടര്‍ക്കും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. അതിനിടെ കോവിഡ് ബാധിച്ച് യുപിയില്‍ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. മീററ്റില്‍ 72 കാരനാണ് മരണം സംഭവിച്ചത്. ആദ്യ മരണം ഗോരഖ്പൂരിലാണ് സ്ഥിരീകരിച്ചത്.
Post Your Comments