കൊച്ചി • പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി, ഗ്രൂപ്പ് സ്ഥാപനങ്ങളായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ്, സുന്ദരം-ക്ലേടണ്‍ തുടങ്ങിയവര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്യാനുള്ള പ്രതിജ്ഞാബദ്ധത അറിയിച്ചു. ഗ്രൂപ്പിന്റെ സാമൂഹ്യ സേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ് നിലവില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടാതെയാണ് ഇത്.
കോവിഡ്-19 ആധുനിക ചരിത്രത്തിലെ ആഭൂതപൂര്‍വ്വമായ കാലത്തെ അടയാളപ്പെടുത്തുന്നുവെന്നും ഈ പോരാട്ടം മറികടക്കാന്‍ ഏറ്റവും മികച്ച മാനവികത ആവശ്യമാണെന്നും ഇതിനെതിരായ സര്‍ക്കാരിന്റെ ശക്തമായ പോരാട്ടത്തെ അഭിനന്ദിക്കുന്നുവെന്നും രാജ്യം ഒന്നാകെ പരസ്പരം പിന്തുണയ്ക്കുന്ന ഈ ഘട്ടത്തില്‍ തങ്ങളും സഹകരിക്കുകയാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു.
ഗ്രൂപ്പിന്റെ സാമൂഹ്യ സേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ് മാസ്‌ക്ക്, ഭക്ഷണം തുടങ്ങിയവ നല്‍കി മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ സഹായം എത്തിക്കുന്നു. ആവശ്യ സേവന വിഭാഗങ്ങള്‍ക്കായി 10 ലക്ഷം സംരക്ഷണ മാസ്‌ക്കുകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തു. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ സഹായിക്കുകയും മുനിസിപാലിറ്റികള്‍ക്ക് വാഹനങ്ങളും അണുനാശിനികളും നല്‍കുകയും ചെയ്തു. ഹൊസൂര്‍, പാഡി, മൈസൂരു എന്നിവിടങ്ങളിലെ ഉല്‍പ്പാദന യൂണിറ്റുകളിലെ അടുക്കളകളില്‍ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ച് ആവശ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പൊലീസുകാര്‍ക്കും മുനിസിപ്പല്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യുന്നു. ആശുപത്രികളെ പിന്തുണയ്ക്കുന്നതിനായി വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള മാര്‍ഗങ്ങളും കമ്പനി ആലോചിക്കുന്നുണ്ട്.
Post Your Comments